ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയിൽ ശക്തമായ നിലപാടുമായി കേരള സർക്കാർ. നിഷാം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നിലവിൽ ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. (A man with a criminal background, State government in Supreme Court against accused in Chandra Bose murder case)
ജയിലിലും നിഷാമിന്റെ പെരുമാറ്റം മോശമാണെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഏപ്രിൽ ഒന്നുവരെ സുപ്രീം കോടതി സർക്കാരിന് സമയം അനുവദിച്ചിട്ടുണ്ട്. നിഷാമിന് വിചാരണക്കോടതി വിധിച്ച ശിക്ഷ പോരെന്നും വധശിക്ഷ തന്നെ നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
2015 ജനുവരി 29-നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ, ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് നിഷാം തന്റെ ആഡംബര കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

