തിരുവനന്തപുരം: അനന്തപുരി ഇന്ന് പുണ്യനഗരിയായി മാറി. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങളാണ് തലസ്ഥാനത്ത് ഒത്തുചേർന്നിരിക്കുന്നത്. ക്ഷേത്രപരിസരവും നഗരവീഥികളും അടുപ്പുകൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.(Attukal Pongala 2026, Actress Chippy arrives as usual)
എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൊങ്കാലയിടാൻ നടി ചിപ്പി എത്തിയിട്ടുണ്ട്. എത്ര വർഷമായി പൊങ്കാലയിടുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ താരത്തിന് കഴിഞ്ഞില്ല. ഇത്രയും വർഷം ഇടാമെന്ന് വെച്ചിട്ടല്ലല്ലോ വരുന്നത്. ഒരുപാട് പ്രാർത്ഥനകളോടെ എല്ലാ വർഷവും വരണമെന്ന ആഗ്രഹമാണുള്ളത്. അതുകൊണ്ട് കണക്കൊന്നും ഇതുവരെ നോക്കിയിട്ടില്ല. എല്ലാം നന്നായി പോകണമെന്നാണ് പ്രാർത്ഥന, ചിപ്പി പറഞ്ഞു.
ചെറുപ്പം മുതലേ മുടങ്ങാതെ പൊങ്കാലയിടുന്ന ചിപ്പി, ഓരോ തവണ വരുമ്പോഴും ഇത് ആദ്യമായി വരുന്ന പുതുമയാണ് അനുഭവപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു. ഇന്ന് പൊങ്കാലയ്ക്ക് ശേഷം ചന്ദ്രഗ്രഹണം ഉള്ളതിനാൽ ക്ഷേത്ര ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രത്തിൽ ദർശനം അനുവദിക്കില്ല. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. രാത്രി 10.45-ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെടും.
നാളെ രാത്രി 9.45-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കുന്നതോടെ ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് കടക്കും. രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് സമാപനമാകും. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ ഇന്ന് പ്രാദേശിക അവധിയാണ്.

