ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യ പ്രതികളുടെ ഭാര്യമാരായ ഇവർ ദീർഘനാളായി നിയമപോരാട്ടത്തിലായിരുന്നു.(Karuvannur bank scam case, Supreme Court grants bail to two accused)
ജിത ഭാസ്കർ കേസിലെ മൂന്നാം പ്രതിയുടെ ഭാര്യയാണ്. ശ്രീലത ബാങ്ക് സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ ടി.ആർ. സുനിൽ കുമാറിന്റെ ഭാര്യയാണ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സുനിൽ കുമാർ.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയായാണ് കരുവന്നൂർ കേസ് വിലയിരുത്തപ്പെടുന്നത്. 108 കോടി രൂപയുടെ തട്ടിപ്പാണ് സഹകരണ വകുപ്പ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ നിലവിൽ 31 പ്രതികളാണുള്ളത്. ഇതിൽ ബാങ്ക് സെക്രട്ടറി, മാനേജർ, ചീഫ് അക്കൗണ്ടന്റ് എന്നിവരും അവരുടെ ബന്ധുക്കളും ഉൾപ്പെടുന്നു.

