കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂൾ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാന അധ്യാപിക സിന്ധു എസ്. നായർ വ്യക്തമാക്കി. സ്കൂൾ മാനേജർ തന്റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും കുട്ടികൾക്ക് മുന്നിൽ വെച്ച് ഇത്തരമൊരു അനുഭവം ഉണ്ടായത് മാനസികമായി തളർത്തിയെന്നും അവർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(Incident where the headmistress was stopped at the gate for wearing a churidar, Legal action to be taken)
ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്ന് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ചുരിദാർ ധരിച്ചെത്തുന്ന അധ്യാപികയെ പ്രവേശിപ്പിക്കേണ്ടെന്ന് മാനേജർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നായിരുന്നു ജീവനക്കാരന്റെ വിശദീകരണം.
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് നൽകാനുള്ള മുട്ടയുമായാണ് അധ്യാപിക സ്കൂളിലെത്തിയത്. ഗേറ്റ് തുറക്കാത്തതിനെത്തുടർന്ന് സിന്ധു ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് ഇവരെ സ്കൂളിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.

