ന്യൂഡൽഹി: നീറ്റ് സമരത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.(KC Venugopal Demands PM Apology And Amit Shah Explanation On Delhi Student Protest)
വിദ്യാർത്ഥികൾക്ക് നേരെ ദാരുണമായ വേട്ട നടന്നിട്ടും അതിനെ തെറ്റായി കാണാനുള്ള ആർജ്ജവം പ്രധാനമന്ത്രി കാണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി മർദ്ദിച്ചപ്പോൾ പ്രധാനമന്ത്രി പുലർത്തിയ മൗനം ലജ്ജാവഹമാണ്. സൈന്യത്തെയും സി.ആർ.പി.എഫിനെയും ഉപയോഗിച്ച് പെല്ലറ്റ് പ്രയോഗം നടത്തിയത് ആരുടെ നിർദ്ദേശപ്രകാരമാണെന്നും അമിത് ഷായുടെ നിർദ്ദേശമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഇതിനെല്ലാം ആഭ്യന്തരവകുപ്പ് മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ വിദ്യാർത്ഥികളും യുവജനങ്ങളും കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തിയ കൂട്ടായ പോരാട്ടത്തിന്റെ വിജയമാണിത്. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായി ശബ്ദമുയർത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ സുരക്ഷാവലയങ്ങൾ ഭേദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ലോകമാധ്യമങ്ങൾ വരെ ശ്രദ്ധിച്ചതാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
Story Summary
Congress leader K.C. Venugopal demanded an apology from PM Narendra Modi and explanations from Home Minister Amit Shah over police highhandedness against student protesters in Delhi. Stating that the agitation was a collective victory of the youth beyond party lines, Venugopal confirmed that Congress will intensify its protests in Parliament regarding the police action and paper leak issues.


