ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ‘പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ബിൽ സഭയിൽ സമർപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് തൊട്ടുപിന്നാലെ ബില്ലിന്റെ കരട് എം.പിമാർക്ക് വിതരണം ചെയ്തു.(New Public Examinations Amendment Bill 2026 To Be Tabled In Lok Sabha)
2024-ലെ പബ്ലിക് എക്‌സാമിനേഷൻസ് ആക്റ്റിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ ബിൽ. ക്രമക്കേടുകൾ നടത്തുന്ന വ്യക്തികൾക്കുള്ള ശിക്ഷ മൂന്ന് മുതൽ അഞ്ച് വർഷം വരെയായിരുന്നത് പുതിയ ബിൽ പ്രകാരം അഞ്ച് മുതൽ 10 വർഷം വരെ തടവായി ഉയർത്തി. പിഴത്തുക 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു.
പരീക്ഷകൾ നടത്തുന്ന സർവീസ് പ്രൊവൈഡർ സ്ഥാപനങ്ങൾ തട്ടിപ്പുകളിൽ പങ്കാളികളായാൽ ചുമത്തുന്ന പരമാവധി പിഴ ഒരു കോടി രൂപയിൽ നിന്ന് 5 കോടി രൂപയാക്കും. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ പരീക്ഷാ നടത്തിപ്പിൽ നിന്ന് വിലക്കുന്ന കാലാവധി നാല് വർഷത്തിൽ നിന്ന് എട്ട് വർഷമായി ഉയർത്തും. സ്ഥാപനത്തിലെ മുതിർന്ന ഭാരവാഹികൾക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും അഞ്ച് കോടി രൂപ പിഴയും ലഭിക്കും.
സംഘടിത പരീക്ഷാ തട്ടിപ്പുകൾക്ക് ഇനി കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപ പിഴയും ഒടുക്കേണ്ടി വരും. ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഒരു സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കാനും നിർദ്ദേശിക്കുന്ന ബിൽ സമയബന്ധിതമായ വിചാരണയും ഉറപ്പുനൽകുന്നു.
Story Summary
The Centre will table the Public Examinations (Prevention of Unfair Means) Amendment Bill, 2026, in the Lok Sabha on Monday to curb paper leaks and exam malpractices. The bill introduces stricter penalties, including imprisonment up to 10 years, fines up to Rs 10 crore for organized crimes, a two-month investigation timeline, and the establishment of a Special Task Force.


