ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ പ്രളയക്കെടുതി കൂടുതൽ രൂക്ഷമായി (Assam floods). സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ് വിവിധ അപകടങ്ങളിൽ മരിച്ചതെന്നാണ് അധികൃതർ പുറത്തുവിട്ട കണക്ക്.
സംസ്ഥാനത്തെ 12 ജില്ലകളിലായി 7,05,148 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 856 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ നിരവധി പ്രദേശങ്ങൾ പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട നിലയിലാണ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ആയിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെങ്കിലും ദുരിതബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഗോലാഘട്ട്, ചരൈഡിയോ, ദിബ്രുഗഡ്, ഹോജായ്, നാഗോൺ, ബിശ്വനാഥ്, ജോർഹട്ട് എന്നിവ ഉൾപ്പെടെയുള്ള ജില്ലകളിലാണ് പ്രളയത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. റോഡുകൾ വെള്ളത്തിനടിയിലായതും ഗതാഗതം തടസപ്പെട്ടതും കാരണം ദുരിതബാധിത മേഖലകളിലേക്ക് രക്ഷാസാമഗ്രികളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പ്രളയത്തെ തുടർന്ന് ഏഴ് പേരെ കാണാതായതായും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നിലവിൽ 1,15,205 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. രണ്ട് ലക്ഷത്തോളം ആളുകൾക്ക് സർക്കാർ സഹായം ലഭ്യമാക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലെത്താൻ രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി നേരിടുന്നുണ്ട്.
അതേസമയം, കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി കന്നുകാലികൾ പ്രളയത്തിൽ ചത്തൊലിച്ചതായും അധികൃതർ അറിയിച്ചു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രക്ഷാപ്രവർത്തനം തുടരുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് സഹായം എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും സർക്കാർ വ്യക്തമാക്കി.
Story Summary:
Floods triggered by heavy rain have claimed 62 lives in Assam, affecting more than 705,000 people across 12 districts. Rescue and relief operations continue despite severe disruptions to road connectivity.


