ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ 22കാരൻ റിതീഷ് കുമാറിനെ എഡ്മന്റൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. (Damanpreet Kaur Murder)
ജൂലൈ 9ന് വൈകുന്നേരമാണ് എഡ്മന്റണിലെ സിൽവർബെറി പ്രദേശത്തെ വീട്ടിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ദാമൻപ്രീത് കൗറിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ മരണകാരണം പൊലീസ് പുറത്തുവിട്ടിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ജൂലൈ 23നാണ് പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്.
ജൂലൈ 22നാണ് റിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ദാമൻപ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വിവിധ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചെലവ് കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയായ സാഹചര്യത്തിലാണ് സഹായം തേടുന്നത്.
Summary: A 23-year-old Indian woman from Ludhiana was killed in Edmonton, Canada, and her partner has been arrested on a murder charge. Police confirmed that the death was a homicide caused by suffocation, while further investigation is ongoing.


