ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ സംഘർഷം. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച ജന്തർ മന്ദറിൽ നിന്ന് ആരംഭിച്ച മാർച്ചാണ് കനത്ത പോലീസ് സന്നാഹത്തെ തുടർന്ന് യുദ്ധക്കളമായി മാറിയത്.(CJP Chalo Sansad March, Delhi Turns Into Fortress As CJP Parliament March Over NEET Row Ends In Clashes)
പ്രതിഷേധം ശക്തമായതോടെ സെൻട്രൽ ഡൽഹിയിലെ പല ഭാഗങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. കൂടാതെ അഞ്ച് പ്രമുഖ മെട്രോ സ്റ്റേഷനുകളുടെ എക്സിറ്റുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ കടുത്ത അടിച്ചമർത്തൽ നടപടികളുമായി ഡൽഹി പോലീസ്. ആഴ്ചകളായി പ്രതിഷേധം തുടരുന്ന ജന്തർ മന്ദറിലെ സമരപ്പന്തലിൽ കയറി സമരക്കാരെ പോലീസ് അടിച്ചോടിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് അടക്കമുള്ള പ്രമുഖർ നിരാഹാരം അനുഷ്ഠിച്ചിരുന്ന സമരവേദിയാണ് പോലീസ് പൊളിച്ച് നീക്കിയത്. സമരപ്പന്തലിലെ താൽക്കാലിക ഷീറ്റുകളും ബാരിക്കേഡുകളും പോലീസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് പൊളിച്ചുമാറ്റി. പ്രദേശത്ത് കനത്ത തോതിൽ ദ്രുതകർമസേനയെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
തുടർന്ന് ജന്തർ മന്ദറിൽ വീണ്ടും വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കസ്റ്റഡിയിൽ നിന്ന് വിട്ടയക്കപ്പെട്ടതിന് പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ സമരക്കാർ വീണ്ടും സംഘടിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചു. എന്നാൽ കിലോമീറ്ററുകൾക്ക് മുൻപേ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. പാർലമെന്റ് മന്ദിരത്തിന് തൊട്ടടുത്ത് വെച്ചും പ്രതിഷേധക്കാർക്ക് നേരെ പോലീസ് അതിശക്തമായി ലാത്തിച്ചാർജ്ജ് നടത്തുകയും തുടർച്ചയായി കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷം നിയന്ത്രണാതീതമായതോടെ പാർലമെന്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും അടച്ചുപൂട്ടി സുരക്ഷ വർദ്ധിപ്പിച്ചു. ഡൽഹി നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ മെട്രോ സ്റ്റേഷനുകൾക്കുള്ളിലും സിജെപി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെ അഞ്ച് പ്രധാന മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിട്ടു.
പ്രതിഷേധം ആളിപ്പടരുന്നതിനിടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും നിർണായക നീക്കങ്ങൾ ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ, അദ്ദേഹം പാർലമെന്റ് മന്ദിരത്തിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. നീറ്റ് പരീക്ഷാ തട്ടിപ്പിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി രോഷം ഇരമ്പുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായേക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സിജെപി പ്രവർത്തകരുമാണ് മാർച്ചിൽ പങ്കെടുത്തത്. എന്നാൽ മാർച്ചിന് പോലീസ് അനുമതി നിഷേധിക്കുകയും ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മാണ്ഡി ഹൗസിൽ നിന്ന് ജന്തർ മന്ദറിലേക്ക് നീങ്ങിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നേരിയ രീതിയിൽ ലാത്തിച്ചാർജ്ജ് നടത്തി. ശാസ്ത്രി ഭവന് സമീപം സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പാർലമെന്റ് സ്ട്രീറ്റിലുണ്ടായ ഈ കല്ലേറിലും സംഘർഷത്തിലും നിരവധി ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാനപരമായി മാർച്ച് നടത്തിയ തങ്ങളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു. ഇതിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും ആരോപണമുയർന്നു.
സംഘർഷം കനക്കുന്നതിനിടെ കേന്ദ്ര ഗവൺമെന്റ് പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറായതോടെ സിജെപി പ്രതിനിധി സംഘം കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. 10 മിനിറ്റ് നീണ്ട ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്. പരീക്ഷാ അട്ടിമറികളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക. ആശുപത്രിയിൽ നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ പോലീസ് തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കുക. നീറ്റ് പരീക്ഷാ അട്ടിമറികളെ തുടർന്ന് ആത്മഹത്യ ചെയ്ത മുഴുവൻ വിദ്യാർത്ഥികളുടെയും കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം ധനസഹായം നൽകുക. ഈ ആവശ്യങ്ങൾ ഗവൺമെന്റിന്റെ ഉന്നതതലത്തിൽ ചർച്ച ചെയ്യാമെന്ന് മന്ത്രി ജെ.പി. നദ്ദ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ജനപ്രതിനിധികൾ പാർലമെന്റിനകത്ത് പിന്തുണ നൽകണമെന്നും സിജെപി അഭ്യർത്ഥിച്ചു.
Story Summary
The CJP’s “Chalo Sansad” march to the Parliament turned violent in central Delhi, prompting authorities to suspend mobile internet and detain party founder Abhijeet Dipke. Following clashes and tear gas deployment by the police, a CJP delegation met Union Minister J.P. Nadda to demand the immediate resignation of Education Minister Dharmendra Pradhan and the release of Sonam Wangchuk.


