ന്യൂഡൽഹി: ഇന്ത്യയെ ആഗോള ആർബിട്രേഷൻ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതിയുടെ ചില വിധികൾ തന്നെ തിരിച്ചടിയാകുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. കോടതികളുടെ അസ്ഥിരമായ തീരുമാനങ്ങളും കേന്ദ്ര ധനമന്ത്രാലയത്തിന്റെ പിന്നോട്ടടിക്കുന്ന നയങ്ങളും വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ നിയമവ്യവസ്ഥയിലുള്ള ആത്മവിശ്വാസം തകർക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.(Supreme Court Judge Justice Ujjal Bhuyan Criticizes Judicial Interventions)
സ്ഥാപനപരമായ ആർബിട്രേഷൻ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന് വിരുദ്ധമാണ് ധനമന്ത്രാലയത്തിന്റെ പുതിയ സമീപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള തർക്കത്തിൽ 2024 ഏപ്രിലിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ക്യുറേറ്റീവ് ഹർജിയിലെ വിധി ഇന്ത്യയിലെ ആർബിട്രേഷൻ സംവിധാനത്തിന് വലിയ ദോഷം വരുത്തിയതായി ജസ്റ്റിസ് ഭൂയാൻ വിലയിരുത്തി. അനാവശ്യമായ കോടതി ഇടപെടലുകൾ ഒഴിവാക്കണമെന്ന് പറയുന്ന കോടതി തന്നെ അതിന് വിപരീതമായി പ്രവർത്തിച്ചത് വാണിജ്യ തർക്ക പരിഹാര കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ ചുവടുപിടിച്ച് 2024 ജൂൺ 3-ന് ധനമന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തെയും ജസ്റ്റിസ് ഭൂയാൻ ശക്തമായി വിമർശിച്ചു. 10 കോടി രൂപയ്ക്ക് മുകളിലുള്ള സർക്കാർ കരാറുകളിൽ ആർബിട്രേഷൻ വ്യവസ്ഥകൾ ഉൾപ്പെടുത്തരുതെന്നും പകരം മീഡിയേഷൻ മതിയെന്നുമായിരുന്നു ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. 2016-ൽ ആർബിട്രേഷൻ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് തികച്ചും വിരുദ്ധമാണ് ധനമന്ത്രാലയത്തിന്റെ ഈ നിലപാടെന്നും വർഷങ്ങളായുള്ള നിയമപരിഷ്കാരങ്ങളെ ഇത്തരം അസ്ഥിരമായ കോടതിവിധികളും പിന്നോട്ടടിക്കുന്ന നയങ്ങളും ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Summary
Supreme Court judge Justice Ujjal Bhuyan warned that erratic court verdicts, such as the 2024 DMRC curative judgment, along with regressive Finance Ministry guidelines against arbitration clauses for contracts over ₹10 crore, are undermining India’s progress toward becoming a global arbitration hub.


