ടെഹ്‌റാൻ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ – ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സൈനികനെ കാണാതായതായും നാല് പേർക്ക് പരിക്കേറ്റതായും യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. മേഖലയിൽ നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം ഇതോടെ 16 ആയി. 430-ലധികം സൈനികർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.(Two US Soldiers Killed In Iran Missile And Drone Attack In Jordan)
അതിനിടെ, മേഖലയിലെ സൈനിക നീക്കങ്ങൾ അമേരിക്ക ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വൻ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ജോർദാനിലെ താവളങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് വ്യോമാക്രമണമുണ്ടായത്. സഖ്യരാജ്യങ്ങളുടെ സൈന്യവുമായി ചേർന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികർക്ക് ജീവൻ നഷ്ടമായതെന്ന് പെന്റഗൺ അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികരെ ജോർദാനിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസാര പരിക്കേറ്റ മറ്റ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കാണാതായ സൈനികനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Story Summary
Two US soldiers were killed and one went missing following a powerful ballistic missile and drone attack by Iran on US military bases in Jordan. The attack, which also injured four others, prompted Iran to issue a harsh warning to the US to halt its operations or face severe retaliation.


