കളമശേരി: സാമൂഹികമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന വിവാദ യുട്യൂബർ പത്തനംതിട്ട തിരുവല്ല മഠത്തിൽ വീട്ടിൽ അജു അലക്സിന് (44) നേരെ മർദനം (Youtuber chekuthan aju alex). അടിയന്തരമായി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ, ആശുപത്രിയിൽ വെച്ചും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. എറണാകുളം കലൂരിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അജുവിന് ഇടപ്പള്ളി ടോളിനു സമീപം വെച്ച് വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് മർദനമേറ്റത്.
സുഹൃത്തിനൊത്ത് ഇടപ്പള്ളിയിലെ ഒരു തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് സംഭവം. ഈ സമയം കാറിലെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാൾ അജുവിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തങ്ങൾ നടൻ മോഹൻലാലിന്റെ ആരാധകരാണെന്ന് (Mohanlal Fans) വിളിച്ചുപറഞ്ഞാണ് സംഘം മർദിച്ചതെന്ന് കളമശേരി പൊലീസിന് നൽകിയ പരാതിയിൽ അജു അലക്സ് വ്യക്തമാക്കി. നടൻ മോഹൻലാലിനെതിരെയും അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെയും യുട്യൂബ് ചാനലിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
മർദനമേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട അജുവിനെ പിന്തുടർന്ന് പ്രതികൾ അവിടെയുമെത്തി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ അജു അലക്സിന്റെ മൊഴി രേഖപ്പെടുത്തിയ കളമശേരി പോലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ അന്യായമായി തടഞ്ഞുവെക്കൽ, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികൾ വന്ന കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Story Summary: Controversial YouTuber Aju Alex (44), known online as ‘Chekuthan’, was assaulted by an unidentified individual near the Edappally toll junction in Ernakulam. According to the complaint filed with the Kalamassery police, Aju and his friend were attacked after leaving a roadside eatery by a five-member gang in a car, who claimed to be Mohanlal fans. The attackers also allegedly threatened him later at the Ernakulam Government Medical College Hospital. The Kalamassery police have registered a case.


