ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിനെ പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Rahul Gandhi Slams Removal Of Sonam Wangchuk From Hunger Strike Site)
നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന തത്വങ്ങൾ ‘അസത്യവും ഹിംസയുമാണെന്ന്’ രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂൺ 28 മുതലാണ് വാങ്ചുക് നിരാഹാരം ആരംഭിച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികളുടെ മരണങ്ങളിൽ അന്വേഷണം വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. 20 ദിവസത്തെ ഉപവാസത്തെ തുടർന്ന് വാങ്ചുകിന്റെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് വിശദീകരണം.
എന്നാൽ പ്രതിഷേധം ഇതോടെ അവസാനിക്കില്ലെന്നും ജൂലൈ 20-ന് നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചുമാമായി മുന്നോട്ട് പോകുമെന്നും സംഘാടകർ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി ആത്മഹത്യകളും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഡെറാഡൂണിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ റാലിയിലും അദ്ദേഹം നീറ്റ് പരീക്ഷാ വിവാദങ്ങളിൽ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പരീക്ഷാ നടത്തിപ്പ് ഘടന പൂർണ്ണമായും വിദ്യാർത്ഥി കേന്ദ്രീകൃതമായി പുനഃസംഘടിപ്പിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണമാകുന്ന അഴിമതി സംവിധാനം ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Congress leader Rahul Gandhi strongly condemned the removal of activist Sonam Wangchuk from Jantar Mantar during his hunger strike over NEET-UG irregularities, accusing the Centre of suppressing the voices of students. Wangchuk, who was fasting for 20 days in solidarity with the Cockroach Janta Party (CJP), was forcibly shifted to Safdarjung Hospital by Delhi Police following concerns over his deteriorating health and High Court directives


