കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഡിഎഫ് സർക്കാരുമായി പോരിന് പോകാൻ കെ.എസ്.യു ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിഷയം കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.(KSU President Aloshious Xavier Clarifies Stance On Government Pleader Row)
കോൺഗ്രസ് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള പ്രസ്ഥാനമായതിനാൽ വ്യത്യസ്ത അഭിപ്രായങ്ങളെ ക്രോഡീകരിച്ച് ഒരൊറ്റ തീരുമാനത്തിലേക്ക് എത്താൻ പാർട്ടിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രിയല്ലെന്നും കേരളത്തിലെ പൊതുസമൂഹത്തിന്റെ ആകെ മുഖ്യമന്ത്രിയാണെന്നും അലോഷ്യസ് ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ ഔദ്യോഗിക തിരക്കുകളെ കെ.എസ്.യു മാനിക്കുന്നു. കെ.എസ്.യു എന്നത് സ്വന്തമായി അഭിപ്രായം പറയാൻ കരുത്തുള്ള സ്വതന്ത്ര ജനാധിപത്യ പ്രസ്ഥാനമാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ സംഘടനയ്ക്ക് ആർജവമുണ്ട്. ഈ വിഷയത്തിൽ തങ്ങൾക്ക് എസ്.എഫ്.ഐയുടെ യാതൊരു പിന്തുണയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷക്കാലം പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിരൽ ചൂണ്ടാൻ അവർ തയ്യാറായിരുന്നെങ്കിൽ ഈ പിന്തുണ സ്വീകരിക്കാമായിരുന്നുവെന്നും അലോഷ്യസ് പരിഹസിച്ചു.
വിഷയത്തിൽ ഉടൻ തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പ്ലീഡർ നിയമന വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ നിലപാടുകൾക്ക് പരോക്ഷ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ രംഗത്തെത്തി. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ അലോഷ്യസ് സേവ്യറിനെ പേരെടുത്തു പറഞ്ഞ് അദ്ദേഹം പ്രശംസിച്ചു. ആരുടെയും മുൻപിൽ ആർജവത്തോടെ സ്വന്തം നിലപാട് തുറന്നു പറയുന്നതാണ് കെ.എസ്.യുവിന്റെ പാരമ്പര്യമെന്ന് സുധീരൻ ഓർമ്മിപ്പിച്ചു. താൽക്കാലികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും കെ.എസ്.യു ധീരമായി മുന്നോട്ട് പോകണമെന്നും വേദിയിൽ വെച്ച് അലോഷ്യസിന് കൈകൊടുത്തുകൊണ്ട് സുധീരൻ ആഹ്വാനം ചെയ്തു.
Story Summary
KSU State President Aloshious Xavier stated that the student wing has no intention of engaging in an open conflict with the UDF government over the recent Government Pleader appointments. Speaking in Kottayam, Xavier mentioned that the issue has been brought to the KPCC president’s attention, and he expects the party to intervene and facilitate a discussion with Chief Minister V.D. Satheesan soon.


