അയോധ്യ: രാജ്യത്തെ ഏറ്റവും പ്രമുഖമായ ക്രിമിനൽ അന്വേഷണങ്ങളിലൊന്നായ അയോധ്യ രാമക്ഷേത്ര കാണിക്കപ്പണം മോഷണക്കേസിൽ മുഖ്യപ്രതികളായ രാം ശങ്കർ യാദവ് എന്ന ടിന്നു യാദവ്, ഇയാളുടെ അനന്തരവൻ മനീഷ് യാദവ് എന്നിവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അയോധ്യ പൊലീസ് അപേക്ഷ നൽകി. കേസിലെ ഗൂഢാലോചനയുടെ പൂർണ്ണവിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുള്ള കസ്റ്റഡി ചോദ്യം ചെയ്യലിന്റെ അവസാന ഘട്ടമാണിത്.(Ayodhya Police Seek Custody Of Main Accused In Ram Temple Donation Theft Case)
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് ആറ് പ്രതികളെ ജൂലൈ 3-നും 15-നുമിടയിൽ വിവിധ ഘട്ടങ്ങളായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ളത് അമ്മാവനും മരുമകനുമായ ഈ രണ്ട് പ്രതികളെ മാത്രമാണ്. മറ്റ് പ്രതികളിൽ നിന്ന് ലഭിച്ച മൊഴികൾ, പിടിച്ചെടുത്ത സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ മുൻനിർത്തി ഇരുവരെയും മുഖാമുഖം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മോഷ്ടിച്ച പണം എവിടെയൊക്കെ നിക്ഷേപിച്ചു, സ്വർണ്ണവും വാഹനങ്ങളും വാങ്ങാൻ ഈ പണം ഉപയോഗിച്ചിട്ടുണ്ടോ, ആസ്തികൾ ആരുടെയൊക്കെ പേരിലാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്.
ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനായി കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഏജൻസിയിലെ ജീവനക്കാരായ എട്ട് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇതിന് മുൻപ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ നിന്ന് വൻതോതിൽ പണവും സ്വർണ്ണാഭരണങ്ങളും മോക്ഷണപ്പണം ഉപയോഗിച്ച് വാങ്ങിയ രണ്ട് എസ്‌യുവി വാഹനങ്ങളും നിക്ഷേപ രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച, പണം എണ്ണൽ മേൽനോട്ടം വഹിച്ചിരുന്ന റിട്ടയേർഡ് ബാങ്ക് ജീവനക്കാരൻ സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കാണിക്കപ്പെട്ടികൾ എത്തിച്ചിരുന്ന രമാശങ്കർ മിശ്ര എന്നിവരെ 14 മണിക്കൂർ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഈ രണ്ട് പ്രതികളെക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്നതോടെ പൊലീസ് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കും. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണവും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്.
Story Summary
The Ayodhya police have moved a special court seeking a seven-day police custody remand for the prime accused, Ram Shankar Yadav and his nephew Manish Yadav, in the high-profile Ram temple donation theft case. This marks the final phase of custodial interrogation involving eight insiders who allegedly siphoned off cash from the temple’s strong room during the counting process.


