കൊച്ചി: സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവിന്റെ (M5 Live) എഡിറ്റർ ഇൻ ചീഫായി ശ്രീ. ആർ. അജിത്ത് കുമാറിനെയും ന്യൂസ് ഡയറക്ടറായി ശ്രീ. ജി.കെ. സുരേഷ് ബാബുവിനെയും നിയമിച്ചു. പ്രജ്ന ന്യൂസ് എൽ.എൽ.പി.യുടെ കൊച്ചി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ. പി.ആർ. സോംദേവിൽ നിന്ന് ഇരുവരും നിയമന ഉത്തരവുകൾ കൈപ്പറ്റി. മഹാത്മാ ഗാന്ധിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തോടൊപ്പമാണ് അപ്പോയിന്റ്മെന്റ് ലെറ്ററുകൾ കൈമാറിയത്.
“Journalism Through Experienced Hands” എന്ന ക്യാമ്പയിനിലൂടെയാകും എം ഫൈവ് ലൈവ് കേരളത്തിൽ പ്രവർത്തനമാരംഭിക്കുകയെന്ന് സി.ഇ.ഒ. സോംദേവ് അറിയിച്ചു. വാർത്തകളെ കേവലം വിനോദോപാധിയാക്കി മാറ്റുന്ന നിലവിലെ പ്രവണതകൾക്കെതിരെ, അനുഭവസമ്പത്തുള്ള മാധ്യമപ്രവർത്തകർ നയിക്കുന്ന സദ്‌വാർത്താ സംസ്‌കാരത്തിന് ചാനൽ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ വ്യവസായി ആർ. പ്രേകുമാറിന്റെ രക്ഷാകർതൃത്വത്തിലാണ് ചാനൽ ഒരുങ്ങുന്നത്.
നിയമിതരായ രണ്ട് പേരും കേരളത്തിലെ മാധ്യമരംഗത്ത് നിർണ്ണായക സ്വാധീനമുള്ളവരാണ്. ആർ. അജിത്ത് കുമാർ മംഗളം ദിനപത്രം സി.ഇ.ഒ, മംഗളം ചാനൽ എം.ഡി, ന്യൂസ് മലയാളം സി.ഇ.ഒ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജി.കെ. സുരേഷ് ബാബു ജനം ടി.വി. ചീഫ് എഡിറ്റർ, അമൃത ടി.വി. ന്യൂസ് ചീഫ് എന്നീ ചുമതലകൾക്ക് പുറമെ മാതൃഭൂമിയിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രഞ്ജിനി ഹരിദാസ് (പി.ആർ. കൺസൽട്ടന്റ്), ഷിബു ചക്രവർത്തി (പ്രോഗ്രാം ഹെഡ്), ടി.ആർ. ജിതേഷ് (ചീഫ് വിഷ്വൽ എഡിറ്റർ), എൻ. അളകപ്പൻ, എം. മനോജ്, വി.ജെ. ടിംസൺ തുടങ്ങി ചാനലിന്റെ വിവിധ വിഭാഗങ്ങളിലെ തലവന്മാരും ചടങ്ങിൽ പങ്കെടുത്തു.

