ന്യൂഡൽഹി: പശ്ചിമ ബംഗാളിലെഎസ് ഐ ആറിൽ വ്യാപക ക്രമക്കേട് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ മമത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ് കൈവരിക്കുന്നത്.(SIR related case, Mamata Banerjee to appear in person in Supreme Court today)
സംസ്ഥാനത്തെ വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയിൽ ഗുരുതരമായ അപാകതകളുണ്ടെന്നും അർഹരായ വോട്ടർമാരെ പുറന്തള്ളാൻ നീക്കം നടക്കുന്നുണ്ടെന്നും മമത ബാനർജി ആരോപിക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പുതിയ ഹർജി സമർപ്പിച്ചത്. നേരത്തെ തൃണമൂൽ കോൺഗ്രസ് നൽകിയ സമാനമായ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിക്കവെ സുപ്രീം കോടതി നിർണ്ണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

