റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് പഞ്ചായത്തിലെ മുടക്കോയ് മലയിൽ നടക്കുന്ന ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പരിസരവാസികളും മുടക്കോയ് മല സംരക്ഷണ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും മുഖ്യമന്ത്രി വിഡി സതീശനെ നേരിൽ കണ്ട് പരാതി നൽകി (Mudakkoy Hill Mining Controversy). മുടക്കോയ് മലയിൽ വ്യാപകമായി നടക്കുന്ന ചെങ്കൽ ഖനനം പ്രദേശത്തിന്റെ പരിസ്ഥിതിക്കും മലയുടെ താഴ്വാരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഖനനത്തെ തുടർന്ന് മണ്ണിടിച്ചിൽ, ജലസ്രോതസുകളുടെ നാശം, പരിസ്ഥിതി തകർച്ച എന്നിവ ഉൾപ്പെടെയുള്ള ആശങ്കകൾ ശക്തമാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് പരിസരവാസികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (SEIAA) പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടും, അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മലപ്പുറം ജിയോളജി വകുപ്പ് തയ്യാറായില്ലെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം.
പരിസ്ഥിതി അനുമതി നൽകുന്ന വകുപ്പ് തന്നെ നിയമലംഘനങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിലും ഖനന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ, കോറി ഉടമകൾക്ക് അനുകൂലമായ നിലപാടാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.
ജനങ്ങളുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും സംഘം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. പരാതി സ്വീകരിച്ച മുഖ്യമന്ത്രി വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Summary: Residents and the Mudakkoy Hill Action Committee have submitted a complaint to Kerala Chief Minister Pinarayi Vijayan alleging illegal laterite mining at Mudakkoy Hill in Malappuram. They accuse the Geology Department of ignoring reported environmental violations and favouring quarry operators despite official findings.


