ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര കമ്മിറ്റിയിൽ കടുത്ത വിമർശനം. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ തോൽവി കൂട്ടുത്തരവാദിത്തമാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും, നേതാക്കളുടെ വ്യക്തിപരമായ വീഴ്ചകൾ കേന്ദ്ര കമ്മിറ്റിയിൽ വിചാരണ ചെയ്യപ്പെട്ടു.(CPM Central Committee directs Kerala leadership to review election defeat and focus on self correction)
മുതിർന്ന നേതാക്കൾ സ്വയംവിമർശനത്തിന് തയ്യാറാകണമെന്ന നിലപാടാണ് യോഗത്തിൽ പലരും സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെയും യോഗത്തിൽ പരോക്ഷ വിമർശനമുയർന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ ഗുരുതരമായ പാളിച്ചകൾ കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. പാർട്ടിക്ക് ഒപ്പം നിന്ന പല വിഭാഗങ്ങളെയും അകറ്റിയോ എന്ന് നേതാക്കൾ ആത്മപരിശോധന നടത്തണം.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നപ്പോൾ തന്നെ കേന്ദ്ര നേതൃത്വം ഇടപെടണമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ വളർച്ചയെ അതീവ ഗൗരവത്തോടെ കാണണം. ബംഗാളിലെ തിരിച്ചടി ഇതിനൊരു പാഠമാകണം. സി.പി.എം ഒരു മധ്യവർഗ്ഗ പാർട്ടിയായി മാറരുതെന്ന കർശന നിർദ്ദേശവും യോഗത്തിലുണ്ടായി. കണ്ണൂർ, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പരാജയത്തെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്താൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നേതൃത്വത്തിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയെങ്കിലും, നേതാക്കൾ സ്വയം തിരുത്തണമെന്ന ശക്തമായ സന്ദേശമാണ് കേന്ദ്ര ഘടകം നൽകുന്നത്.
Story Summary
The CPM Central Committee criticized the Kerala state leadership over the recent election defeat, pointing out major lapses in candidate selection. While ruling out immediate leadership changes, the committee demanded self-correction from top leaders and ordered detailed reviews in worst-hit districts like Kannur and Alappuzha.

