ബംഗളൂരു: ബംഗളൂരുവിൽ പാർസൽ നൽകാനെത്തിയ ഡെലിവറി ഏജന്റ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ (bengaluru delivery boy arrested). വിജയ മല്ലികാർജുൻ കാമത്ത് എന്നയാളെയാണ് ബംഗളൂരു പോലീസ് പിടികൂടിയത്. യുവതി തനിക്കുണ്ടായ ദുരനുഭവം സാമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നതും വലിയ വിവാദമായതും.
പാർസൽ ഡെലിവറി ചെയ്യാനായി യുവതിയുടെ ഫ്ലാറ്റിലെത്തിയ പ്രതി, തനിക്ക് ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സുരക്ഷ മുൻനിർത്തി അപരിചിതരെ വീട്ടിലേക്ക് കയറ്റിവിടാൻ കഴിയില്ലെന്നും അയൽവാസികളോട് സഹായം ചോദിക്കാനും യുവതി വ്യക്തമായി പറഞ്ഞു. ഇത് വകവെക്കാതെ യുവതിയുടെ എതിർപ്പുകളെ അവഗണിച്ച് ഇയാൾ ബലമായി വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. ടോയ്ലറ്റ് ഉപയോഗിച്ച് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
യുവതി സോഷ്യൽ മീഡിയയിലൂടെ പോലീസിനെ ടാഗ് ചെയ്ത് വിവരമറിയിച്ചതോടെ ബംഗളൂരു പോലീസ് ഉടനടി ഇടപെടുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 329(2) തുടങ്ങിയ കടുത്ത വകപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പ്രതിയായ ഡെലിവറി ഏജന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഡെലിവറി കമ്പനി അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും പോലീസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. എല്ലാ ഡെലിവറി ജീവനക്കാരെയും കൃത്യമായ പശ്ചാത്തല പരിശോധനയ്ക്ക് (Background verification) വിധേയമാക്കാറുണ്ടെന്നും, ഇത്തരമൊരു സംഭവം അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.
Story Summary: A delivery agent named Vijaya Mallikarjun Kamath was arrested by Bengaluru Police for allegedly trespassing into a woman’s house and flashing her. The incident came to light after the victim shared her ordeal on social media, leading the delivery company to immediately terminate the agent.

