ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പരസ്യ ഭീഷണിക്കെതിരെ കടുത്ത ഭാഷയിൽ മറുപടിയുമായി മുതിർന്ന നേതാവ് ജി. സുധാകരൻ രംഗത്ത് (G sudhakaran vs r nasser). തന്റെ നേരെ ആരെങ്കിലും വിരൽ ചൂണ്ടുകയോ അപായപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്താൽ അതിന് പൂർണ്ണ ഉത്തരവാദി ജില്ലാ സെക്രട്ടറി ആർ. നാസർ ആയിരിക്കുമെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിനെ നിരന്തരമായി വിമർശിക്കുന്ന രീതി ജി. സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടി രീതിയിൽ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ആർ. നാസർ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സുധാകരന്റെ രൂക്ഷമായ പ്രതികരണം.
തന്നെ പരസ്യമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആർ. നാസറിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിൽ പാർട്ടി വലിയ തകർച്ചയെയാണ് നേരിടുന്നത്. എന്നാൽ അതൊന്നും മനസ്സിലാക്കാനുള്ള ബൗദ്ധികമായ കഴിവോ ക്ഷമതയോ നിലവിലെ ജില്ലാ സെക്രട്ടറിക്കില്ലെന്നും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയില്ലെന്നും സുധാകരൻ പരിഹസിച്ചു. ജില്ലയിൽ കഴിഞ്ഞ വിവിധ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനുണ്ടായ കനത്ത തിരിച്ചടികളും വോട്ട് ചോർച്ചയും അക്കമിട്ട് നിരത്തിയായിരുന്നു സുധാകരന്റെ വിമർശനം.
താൻ ജനപ്രതിനിധിയും മന്ത്രിയുമായിരുന്നപ്പോൾ ആലപ്പുഴയിൽ വലിയ രീതിയിലുള്ള വികസനം നടപ്പിലാക്കിയതു കൊണ്ടാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പുകളിൽ പോലും പാർട്ടിക്ക് ഇവിടെ വിജയിക്കാൻ സാധിച്ചത്. ജനങ്ങൾ വികസന തുടർച്ചയ്ക്കാണ് എൽഡിഎഫിന് വോട്ട് നൽകിയത്. എന്നാൽ നിലവിലെ നേതൃത്വത്തിന്റെ പോക്ക് ഇത്തരത്തിലാണെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ലെന്നും വലിയ രാഷ്ട്രീയ തിരിച്ചടി പാർട്ടി നേരിടേണ്ടി വരുമെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു. ജില്ലയിലെ ഇരുനേതാക്കളും തമ്മിലുള്ള പോര് പരസ്യമായതോടെ ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത വീണ്ടും രൂക്ഷമായിരിക്കുകയാണ്.
Story Summary: Senior politician G. Sudhakaran responded sharply to CPI(M) Alappuzha District Secretary R. Nasser’s threat of “handling him” if he continued criticizing the party. Sudhakaran stated that Nasser would be responsible for any harm against him, demanded a police case against Nasser, and warned that CPI(M) faces total washout in the district due to inefficient leadership.

