സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചെറിയ വീഡിയോയിലൂടെ തന്റെ ബോസിന്റെ ശ്രദ്ധനേടുകയും, തുടർന്ന് ഹൃദയസ്പർശിയായൊരു സമ്മാനം സ്വന്തമാക്കുകയും ചെയ്ത ശാലു എന്ന ബെംഗളൂരു സ്വദേശിനിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് (Manager surprise gift). താൻ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത മെഡലുകൾ ഒരു സാധാരണ പ്ലാസ്റ്റിക് ഹാംഗറിൽ തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാനേജർ, അതിനായി പ്രത്യേകമായി തയ്യാറാക്കിയൊരു മെഡൽ ഹാംഗർ സമ്മാനിക്കുകയായിരുന്നു.
അവധി ദിവസങ്ങളിൽ പങ്കുവെച്ച റീലിൽ ഈ ചെറിയ കാര്യം ശ്രദ്ധിച്ച മാനേജർ, തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോൾ ശാലുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സമ്മാനം കൈമാറിയത്. ശാലുവിന്റെ പേരിന്റെ ആദ്യക്ഷരങ്ങൾ ആലേഖനം ചെയ്ത മനോഹരമായൊരു മെഡൽ ഹാംഗറായിരുന്നു അത്. “ഇത്രയധികം മെഡലുകൾ നേടിയ നിനക്ക് അതർഹമായ ഒരിടത്ത് തൂക്കിയിടാനുള്ള അർഹതയുണ്ട്” എന്ന് പറഞ്ഞായിരുന്നു മാനേജർ സമ്മാനം നൽകിയത്. മെഡലുകൾക്ക് പിന്നിലെ തന്റെ അധ്വാനത്തെ മാനേജർ തിരിച്ചറിഞ്ഞതാണ് സമ്മാനത്തേക്കാൾ വലിയ സന്തോഷം നൽകിയതെന്ന് ശാലു വീഡിയോയിൽ പറയുന്നു.
കോർപ്പറേറ്റ് ലോകത്തെക്കുറിച്ചുള്ള പതിവ് കാഴ്ചപ്പാടുകളെ ഈ സംഭവം തിരുത്തിയെന്ന് ശാലു വ്യക്തമാക്കുന്നു. സഹപ്രവർത്തകർക്കും മാനേജർമാർക്കും പരസ്പരം പിന്തുണ നൽകാനും നേട്ടങ്ങളെ ആഘോഷിക്കാനും കഴിയുന്ന ഒരു മികച്ച തൊഴിലിടം സാധ്യമാണെന്ന് ഈ സംഭവം തെളിയിക്കുന്നതായും അവർ കുറിച്ചു. എന്തായാലും ശാലു പങ്കുവെച്ച ഈ കുറിപ്പും വീഡിയോയും ഇതിനകം തന്നെ നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. “എല്ലാവർക്കും ഇങ്ങനെയൊരു മാനേജറെ ലഭിക്കട്ടെ” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന മിക്ക കമന്റുകളും.

