HomeDon't Missതായ്‌ലൻഡിൽ പുതിയ ഇനം ഭീമൻ ദിനോസറിൻ്റെ ഫോസിലുകൾ കണ്ടെത്തി: കഴുത്തിൻ്റെ നീളം...

തായ്‌ലൻഡിൽ പുതിയ ഇനം ഭീമൻ ദിനോസറിൻ്റെ ഫോസിലുകൾ കണ്ടെത്തി: കഴുത്തിൻ്റെ നീളം ഒരു ക്രിക്കറ്റ് പിച്ചിനോളം! | New dinosaur species

തായ്‌ലൻഡിലെ കലാസിൻ പ്രവിശ്യയിൽ നിന്ന് വംശനാശം സംഭവിച്ച പുതിയ ഇനം സസ്യഭുക്ക് ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തി. ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഈ ദിനോസറിന് ‘ഉരാഗാസോറസ് കലാസിനെൻസിസ്’എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. ഒരു ക്രിക്കറ്റ് പിച്ചിന്റെ അത്രയും, അതായത് ഏകദേശം 20 മീറ്ററോളം നീളമുള്ള ഇവയ്ക്ക് അസാധാരണമായ നീളമുള്ള കഴുത്തുണ്ടായിരുന്നു.(New dinosaur species Uragasaurus kalasinensis discovered in Thailand Kalasin province)

തായ്‌ലൻഡിലെ മഹാസാരഖാം യൂണിവേഴ്സിറ്റിയിലെ ഡോ. അപിരത് നിൽഫണഫാന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. 2008-ൽ പ്രദേശവാസിയായ ഒരാൾക്ക് പാമ്പിന്റെ ചെതുമ്പലുകൾക്ക് സമാനമായ അസ്ഥിഭാഗങ്ങൾ ലഭിച്ചതിനെ തുടർന്ന് കണ്ടെത്തിയ ‘ഫു നോയി’ എന്ന ചരിത്രാതീത മേഖലയിൽ നിന്നാണ് ഈ ഫോസിലുകൾ ഖനനം ചെയ്തെടുത്തത്. ലേറ്റ് ജുറാസിക് കാലഘട്ടത്തിലെ നിരവധി ഫോസിലുകൾ അടങ്ങിയ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയതിൽ 90 ശതമാനവും ദിനോസറുകളുടെ അവശിഷ്ടങ്ങളായിരുന്നു.

ഇവയുടെ നട്ടെല്ലിലെ കശേരുക്കൾ കേന്ദ്രീകരിച്ച് നടത്തിയ സി.ടി സ്കാനിംഗിലാണ് ഇതൊരു പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചത്. അത്യപൂർവ്വമായ നീണ്ട കഴുത്തുകളുള്ള സോറോപോഡ് ദിനോസറുകളിലെ ‘മാമെൻചിസോറിഡേ’ കുടുംബത്തിൽപ്പെട്ടതാണ് ഇവയെന്ന് സ്കാനിംഗിലൂടെ വ്യക്തമായി. ഈ കുടുംബത്തിലെ ഭൂരിഭാഗം ഫോസിലുകളും ചൈനയിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളതെങ്കിലും, തായ്‌ലൻഡിൽ നിന്ന് ഇത്തരമൊരു കണ്ടെത്തൽ ഇതാദ്യമാണ്. ഇവയുടെ അസ്ഥിഘടനയിലെ ‘Y’ ആകൃതിയിലുള്ള ലാമല്ലകളും വായു അറകളും ലോകത്ത് ഇന്നുവരെ കണ്ടെത്തിയ മറ്റൊരു ദിനോസറിനുമില്ലാത്ത സവിശേഷതയാണെന്ന് ആണ് റിപ്പോർട്ട്.  കഴിഞ്ഞ മെയ് മാസത്തിൽ തായ്‌ലൻഡിൽ നിന്ന് തന്നെ തെക്കുകിഴക്കൻ ഏഷ്യയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ദിനോസറായ ‘നാഗാറ്റൈറ്റൻ’ എന്ന സസ്യഭുക്കിന്റെ ഫോസിലുകളും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. 27 ടൺ ഭാരവും 27 മീറ്റർ നീളവുമുള്ളതായിരുന്നു നാഗാറ്റൈറ്റൻ.

Story Summary

Palaeontologists in Thailand’s Kalasin Province have discovered a new plant-eating dinosaur species named Uragasaurus kalasinensis. Living 150 million years ago and measuring 20 meters in length with an exceptionally long neck, it belongs to the Mamenchisauridae family. The study, published in Nature journal, marks a milestone as the first such find in Thailand.

Clickable Info Box