HomeKeralaചാത്തമംഗലം, മാവൂർ, കൊടിയത്തൂർ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ...

ചാത്തമംഗലം, മാവൂർ, കൊടിയത്തൂർ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ | Kozhikode Flooding

റിപ്പോർട്ട്; അൻവർ ഷരിഫ്

കോഴിക്കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, മാവൂർ, കൊടിയത്തൂർ പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക ഭീഷണി (Kozhikode Flooding). ചെറുപുഴ, ഇരുവഞ്ഞിപ്പുഴ, ചാലിയാർ എന്നീ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. ഇന്നലെ രാത്രിയോടെ തന്നെ പലയിടത്തും ഗ്രാമീണ റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വ്യാപകമായ വാഴ കൃഷിയും വെള്ളത്തിൽ മുങ്ങി നശിച്ചിട്ടുണ്ട്.

ഇന്നും മഴ കനത്തതോടെ പുഴകളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. ഇത് ഗ്രാമീണ റോഡുകളിലൂടെയുള്ള ഗതാഗതം ഏതു നിമിഷവും തടസ്സപ്പെടാൻ കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചാലിയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 16 ഷട്ടറുകളും ദിവസങ്ങൾക്ക് മുമ്പ് തന്നെ പൂർണ്ണമായും ഉയർത്തിയിരുന്നു.

അപകടസാധ്യത കണക്കിലെടുത്ത് പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്ന് മാവൂർ ഫയർ ഓഫീസർ, പോലീസ്, വിവിധ പഞ്ചായത്ത് അധികൃതർ എന്നിവർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അതത് പ്രദേശങ്ങളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കി വരികയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Summary: Heavy rains have caused flooding in low-lying areas of Chathamangalam, Mavoor, and Kodiyathur panchayats as rivers like Chaliyar, Iruvazhinji, and Cherupuzha overflow. With water levels rising rapidly and damaging crops and rural roads, authorities including the police and fire department have issued strict warnings against venturing into water bodies, while the shutters of the Oorkadavu regulator cum bridge have already been opened.

Clickable Info Box