ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യ റൂബി ശർമ്മ പിടിയിൽ. ഭർത്താവ് സുരേന്ദ്ര ശർമ്മയെ 15 മുതൽ 20 വരെ ഉറക്കഗുളികകൾ ഭക്ഷണത്തിൽ കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയത് (Ruby Sharma Husband Murder). സുരേന്ദ്രയെ കാണാനില്ലെന്ന് പറഞ്ഞ് 45 ദിവസത്തോളം റൂബി നാട്ടുകാരെയും ബന്ധുക്കളെയും കബളിപ്പിക്കുകയായിരുന്നു.
മേയ് 18-ന് കാണാതായ സുരേന്ദ്രയെക്കുറിച്ച് റൂബിയും ഭർത്താവിന്റെ സഹോദരൻ അനിലും ചേർന്ന് മേയ് 26-ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ റൂബിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് അവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവിന്റെ മൃതദേഹം ബാത്ത്റൂമിലെ തറയിൽ കുഴിച്ചിടുകയും, പിറ്റേന്ന് തന്നെ തൊഴിലാളികളെ വിളിച്ച് മണ്ണ് നിറച്ച് കോൺക്രീറ്റ് ചെയ്ത് തറ പണിയുകയുമായിരുന്നു. വീട് പുതുക്കിപ്പണിയുകയാണെന്ന് വിശ്വസിപ്പിച്ചാണ് അവർ തൊഴിലാളികളെ കൊണ്ട് പണി പൂർത്തിയാക്കിയത്.
ഭർത്താവ് സുരേന്ദ്ര മദ്യപിച്ച് ബന്ധുക്കളുമായി നിരന്തരം വഴക്കിടുന്നത് റൂബിയെ അലട്ടിയിരുന്നു. ഇത് ഭാവിയിൽ നിയമപരമായ കുരുക്കുകളിലേക്ക് നയിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
Summary: Ruby Sharma has been arrested in Agra, Uttar Pradesh, for the cold-blooded murder of her husband, Surendra Sharma, whom she drugged with 15-20 sleeping pills before burying his body under a newly constructed concrete floor in their bathroom. For 45 days, Ruby staged a missing person investigation, feigning distress to neighbors and relatives while the body remained concealed beneath the home. The police eventually cracked the case following inconsistencies in her statements, leading to the recovery of the body and the initiation of an investigation into whether other accomplices assisted in the crime.

