ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറു ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് ടെഹ്‌റാനിൽ തുടക്കമായി. ഖമേനിയുടെ ഭൗതികശരീരം ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ എത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ ഒത്തുകൂടിയിരിക്കുന്നത്.(Ayatollah Ali Khamenei Funeral, Iran begins 6-day state funeral)
ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ വിവിധ ഘട്ടങ്ങളിലായി നടക്കും. ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ വെച്ചായിരിക്കും സംസ്കാരം.
ജൂലൈ 4-6: ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനം, തുടർന്ന് തലസ്ഥാന നഗരിയിൽ വിലാപയാത്ര.
ജൂലൈ 7: വിശുദ്ധ നഗരമായ ഖോമിൽ ചടങ്ങുകൾ.
ജൂലൈ 8: ഇറാഖിലെ നജാഫ്, കർബല നഗരങ്ങളിൽ മതപരമായ അനുസ്മരണ ചടങ്ങുകൾ.
ജൂലൈ 9: ജന്മനാടായ മഷാദിൽ മൃതദേഹം സംസ്കരിക്കും.
ഖമനേയിയുടെ ശവപ്പെട്ടിയിൽ മഷാദിലെ ഇമാം റെസ ദേവാലയത്തിൽ നിന്നുള്ള ചുവന്ന പതാക പുതപ്പിച്ചിട്ടുണ്ട്. ഇത് രക്തസാക്ഷിത്വത്തെയും പ്രതിരോധത്തെയുമാണ് സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മതനേതാക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റ, ബീഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സെയ്യിദ് അത്ത ഹസ്‌നൈൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ചടങ്ങുകളിൽ പങ്കെടുത്തു.
സംസ്കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ നയതന്ത്ര ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നതിനാൽ ഇറാനിലുടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, റെവല്യൂഷണറി ഗാർഡ് യൂണിറ്റുകൾ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ഇറാനിലെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നത് വലിയ ചർച്ചയായിട്ടുണ്ട്. നേരത്തെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാലാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോർട്ടുകളുണ്ട്.
Story Summary
Iran has commenced a massive six-day state funeral for the late Supreme Leader Ayatollah Ali Khamenei. His body reached the Grand Mosalla in Tehran, with millions expected to pay their respects across various cities including Qom, Najaf, Karbala, and finally Mashhad on July 9. The event has drawn international delegations, while US-Iran peace talks remain suspended during the mourning period. Heightened security is in place, and the continued absence of new Supreme Leader Mojtaba Khamenei from public ceremonies remains a point of significant global discussion.

