കാട്ടാക്കട: എക്സൈസ് ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി കാട്ടാക്കട റേഞ്ച് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ (Kattakkada Excise Raid), കോഴിക്കടയുടെ മറവിൽ വൻതോതിൽ വിദേശമദ്യം സംഭരിച്ച് അനധികൃതമായി വിൽപന നടത്തിവന്ന രണ്ടുപേർ പിടിയിലായി. കള്ളിക്കാട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘എ എസ് ചിക്കൻ സ്റ്റാൾ’ ഉടമയായ പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ രാജേഷ് എന്ന ജോസ് (42) എന്നിവരാണ് എക്സൈസിന്റെ കസ്റ്റഡിയിലായത്.
കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തിക്കിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ വിൽപനയ്ക്കായി സൂക്ഷിച്ച 101 കുപ്പി വിദേശമദ്യവും, മദ്യം ഡോർ ഡെലിവറി നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചിക്കൻ സ്റ്റാൾ ഉടമയായ അജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ സമാന്തര മദ്യക്കച്ചവടം. ഫോൺ മുഖേന ഓർഡർ നൽകുന്ന ആവശ്യക്കാർക്ക് ജീവനക്കാരനായ ജോസ് സ്കൂട്ടറിൽ മദ്യം എത്തിച്ചു നൽകുകയാണ് ഇവരുടെ രീതി.
കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തുവെച്ച് സ്കൂട്ടറിൽ അഞ്ചര ലിറ്റർ മദ്യവുമായി ഒരാൾക്ക് കൈമാറുന്നതിനിടയിലാണ് ജോസ് ആദ്യം എക്സൈസ് ഇന്റലിജൻസ് സംഘത്തിന്റെ വലയിലാകുന്നത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എ എസ് ചിക്കൻ സ്റ്റാളിൽ നടത്തിയ റൂം പരിശോധനയിലാണ്, മദ്യവിൽപന നടത്തിക്കൊണ്ടിരുന്ന ഉടമ അജിയെ എക്സൈസ് പൊക്കിയത്. ചിക്കൻ സ്റ്റാളിൽ ഒളിപ്പിച്ച നിലയിൽ 90 കുപ്പി മദ്യവും കണ്ടെടുത്തു.
ഇരു സ്ഥലങ്ങളിൽ നിന്നുമായി ആകെ 50 ലിറ്ററോളം വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജുകുമാർ, സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി. വിനോദ്, ആർ. രാജീവ്, ഹർഷകുമാർ, ഷിജു, ജെ. വിപിൻ കുമാർ എന്നിവരും പങ്കെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary:
As part of Operation Thunder, Kattakkada Excise arrested a chicken stall owner and his employee for running an illegal liquor business under the guise of the shop. Officials seized 101 bottles (50 liters) of foreign liquor and a scooter used for home delivery in Kallikkad.

