തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മൂന്നാം സീസണായുള്ള കളിക്കാരുടെ ലേലം (Player Auction) അടുത്തമാസം നടക്കാനിരിക്കെ, നിലനിർത്തിയ (Kerala Cricket League Season 3 Retained Players) പ്രമുഖ താരങ്ങളുടെ ഔദ്യോഗിക പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നിയമപ്രകാരം അനുവദനീയമായ പരമാവധി നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാൺഡ്രം റോയൽസും മൂന്ന് താരങ്ങളെ വീതമാണ് ഒപ്പം നിർത്തിയത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് പേരെയും ആലപ്പി റിപ്പിൾസ് ഒരു മുൻനിര താരത്തെയും മാത്രമാണ് ഇത്തവണ ടീമിൽ നിലനിർത്തിയിട്ടുള്ളത്. ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ വീതം നിലനിർത്താനാണ് കെസിഎ (KCA) അനുമതി നൽകിയിരുന്നത്.
കഴിഞ്ഞ സീസണുകളിലെ ഓൾറൗണ്ട് മികവിലൂടെ ടീമിന്റെ നെടുംതൂണായ എൻ.എം. ഷറഫുദ്ദീനെ ഏഴര ലക്ഷം രൂപയ്ക്കാണ് ‘എ’ കാറ്റഗറിയിൽ ഏരീസ് കൊല്ലം സെയിലേഴ്സ് ഒപ്പം നിർത്തിയത്. ഇതേ കാറ്റഗറിയിലെ അഗ്രസീവ് ബാറ്റർ അഭിഷേക് ജെ. നായരെ അഞ്ച് ലക്ഷം രൂപയ്ക്കും നിലനിർത്തി. ‘ബി’ കാറ്റഗറിയിലെ പവൻ രാജ്, വിജയ് വിശ്വനാഥ് എന്നിവരെ ഒന്നര ലക്ഷം രൂപ വീതം നൽകിയും കൊല്ലം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കൊല്ലത്തിനായി ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയ രണ്ടാമത്തെ ബാറ്ററായിരുന്നു അഭിഷേക്.
തൃശൂർ ടൈറ്റൻസ് തങ്ങളുടെ വിശ്വസ്തനായ കൗമാര വിസ്മയം അഹ്മദ് ഇമ്രാനെ ‘എ’ കാറ്റഗറിയിൽ ഏഴര ലക്ഷം രൂപയ്ക്ക് നിലനിർത്തി. കഴിഞ്ഞ സീസണിൽ 437 റൺസുമായി ടൂർണമെന്റിലെ വൻ റൺവേട്ടക്കാരിൽ രണ്ടാമനായി തിളങ്ങിയ താരമാണ് ഇമ്രാൻ. ‘എ’ കാറ്റഗറിയിലെ തന്നെ ഷോൺ റോജറെ അഞ്ച് ലക്ഷം രൂപയ്ക്കും ‘സി’ കാറ്റഗറിയിലെ ആദിത്യ വിനോദ്, എ.കെ. അർജുൻ എന്നിവരെ ഒന്നര ലക്ഷം രൂപ വീതത്തിനും തൃശൂർ നിലനിർത്തി.
ശക്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് തങ്ങളുടെ മുൻനിര ത്രയങ്ങളായ സൽമാൻ നിസാർ (₹7.5 ലക്ഷം), രോഹൻ എസ്. കുന്നുമ്മൽ (₹5 ലക്ഷം), അഖിൽ സ്കറിയ (₹3.75 ലക്ഷം) എന്നിവരെ ഇത്തവണയും വിട്ടുകൊടുക്കാതെ കൈവശം വെച്ചു. കഴിഞ്ഞ സീസണിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റും ലീഗിലെ ലീഡിംഗ് വിക്കറ്റ് ടേക്കറുമായ അഖിൽ സ്കറിയയുടെയും 337 റൺസോടെ ടീമിന്റെ ടോപ് സ്കോററായ രോഹൻ കുന്നുമ്മലിന്റെയും സാന്നിധ്യം കാലിക്കറ്റിന് വീണ്ടും കരുത്താകും. സൽമാൻ നിസാറാണ് കഴിഞ്ഞ തവണ പല മത്സരങ്ങളിലും ടീമിന് മാച്ച് വിന്നിങ് ഇന്നിങ്സുകൾ സമ്മാനിച്ചത്.
കഴിഞ്ഞ സീസണിലെ റെക്കോർഡ് റൺവേട്ടക്കാരനായ ‘എ’ കാറ്റഗറി താരം കൃഷ്ണപ്രസാദിനെ ഏഴര ലക്ഷം രൂപയ്ക്കാണ് ട്രിവാൺഡ്രം റോയൽസ് നിലനിർത്തിയത്. ‘സി’ കാറ്റഗറിയിലെ വി. അജിത്, ‘ബി’ കാറ്റഗറിയിലെ ഗോവിന്ദ് ദേവ് പൈ എന്നിവർ ഒന്നര ലക്ഷം രൂപ വീതത്തോടെ തിരുവനന്തപുരം ടീമിൽ തുടരും.
കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളെ കഴിഞ്ഞ തവണ വിജയങ്ങളിലേക്ക് നയിച്ച ‘സി’ കാറ്റഗറിയിലെ സാലി സാംസനെ ഏഴര ലക്ഷം രൂപയ്ക്കും മുഹമ്മദ് ആഷിഖിനെ ഒന്നര ലക്ഷം രൂപയ്ക്കും നിലനിർത്തി. എന്നാൽ ആലപ്പി റിപ്പിൾസ് തങ്ങളുടെ വെടിക്കെട്ട് ബാറ്ററായ ‘എ’ കാറ്റഗറിയിലെ മുഹമ്മദ് അസറുദ്ദീനെ മാത്രമാണ് നിലനിർത്താൻ താല്പര്യം കാണിച്ചത്; ഏഴര ലക്ഷം രൂപയാണ് അസറുദ്ദീന് ലഭിക്കുക. നിലനിർത്തിയ താരങ്ങൾ ഒഴികെയുള്ള വൻ താരനിര അണിനിരക്കുന്ന മൂന്നാം സീസണിന്റെ ഔദ്യോഗിക ലേലം ജൂലൈ 11-ന് നടക്കും.
Story Summary:
Ahead of the highly anticipated Kerala Cricket League (KCL) Season 3 player auction, teams have announced their retention lists. Aries Kollam Sailors and Thrissur Titans retained 4 players each, while Calicut Globstars and Trivandrum Royals kept 3 players each. Top retentions include N.M. Sharafuddeen and Salman Nizar for ₹7.5 lakhs each. The grand auction is scheduled for July 11.

