ഇറാനിലെ കെർമാൻഷാ പ്രവിശ്യയിൽ രണ്ട് റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ഗാർഡ് അംഗങ്ങളുടെ വീടിന് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. വെടിവെപ്പിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ ഒരു ‘ഭീകരാക്രമണം’ എന്നാണ് റെവല്യൂഷണറി ഗാർഡ് വിശേഷിപ്പിച്ചത്. അക്രമികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. (Revolutionary Guards Killed Iran)
‘ഷോറി ഹിവ’ എന്ന പേരിൽ പുതുതായി രൂപീകരിച്ച ഒരു സായുധ സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുർദിഷ് മനുഷ്യാവകാശ സംഘടനയായ ‘ഹെംഗാവ്’ റിപ്പോർട്ട് ചെയ്തു. 2022-ൽ മാഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് കുർദിഷ് മേഖലകളിൽ നടന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിൽ പങ്കുവഹിച്ചവരാണ് കൊല്ലപ്പെട്ട ഗാർഡ് അംഗങ്ങൾ എന്നാണ് ഈ ഗ്രൂപ്പിന്റെ ആരോപണം.
2022-ൽ പൊതുസ്ഥലത്തെ വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് മതപോലീസ് അറസ്റ്റ് ചെയ്ത കുർദിഷ് വംശജയായ മാഹ്സ അമിനിയുടെ കസ്റ്റഡിയിലെ മരണമാണ് ഇറാനിൽ വലിയ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്. ‘സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തി രാജ്യമൊട്ടാകെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങൾ അക്കാലത്ത് വലിയ ചർച്ചയായിരുന്നു. ഈ സംഭവവികാസങ്ങളുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായ അക്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവിശ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ കർശനമാക്കിയിരിക്കുകയാണ് അധികൃതർ.
Summary: Two members of Iran’s Revolutionary Guards were killed and two others injured in a shooting in the western province of Kermanshah. A newly formed armed group, “Xori Hiwa” (Sun of Hope), has claimed responsibility for the attack, accusing the victims of suppressing protests during the 2022 “Women, Life, Freedom” movement. The movement was triggered by the death of Mahsa Amini in police custody, which led to widespread nationwide unrest.

