ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവും സൗഹൃദവും ട്രംപ് പലപ്പോഴും പ്രകടിപ്പിക്കാറുണ്ടെന്നും, ഇവരുടെ ആശയവിനിമയം ഔദ്യോഗികമായ ഷെഡ്യൂളുകളെ മാത്രം ആശ്രയിച്ചല്ല നടക്കുന്നതെന്നും യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.(US Ambassador Sergio Gor highlights close friendship between Trump and Modi)
പ്രസിഡന്റ് ട്രംപിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ, ട്രംപ് പെട്ടെന്ന് പ്രധാനമന്ത്രി മോദിയെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയിൽ അപ്പോൾ പുലർച്ചെ 6 മണിയാണെന്ന് താൻ ഓർമ്മിപ്പിച്ചപ്പോൾ, “മോദി ഉണർന്നിട്ടുണ്ടാകും, അദ്ദേഹം എന്നെപ്പോലെയാണ്, അദ്ദേഹം ഉറങ്ങാറില്ല” എന്നായിരുന്നു ട്രംപിന്റെ മറുപടി.
സൗഹൃദമുള്ളവരുമായി സംസാരിക്കാൻ മുൻകൂട്ടി സമയം നിശ്ചയിക്കേണ്ടതില്ലെന്നും, എപ്പോൾ വേണമെങ്കിലും ഫോണിൽ വിളിച്ച് വിശേഷങ്ങൾ ചോദിക്കാവുന്ന ബന്ധമാണ് ട്രംപിന് മോദിയുമായുള്ളതെന്നും ഗോർ വ്യക്തമാക്കി. ലോകത്തിലെ മറ്റ് പല നേതാക്കളിൽ നിന്നും വ്യത്യസ്തമായി ട്രംപ് മോദിയെ കാണുന്നത് ഒരു സുഹൃത്തായാണ്. ട്രംപിന്റെ ആദ്യ ടേമിൽ തുടങ്ങിയതാണ് ഈ ബന്ധം.
ഡിസംബർ മാസത്തിൽ മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി അമേരിക്കയിൽ എത്തുമെന്ന് സെർജിയോ ഗോർ പറഞ്ഞു. പ്രധാനമന്ത്രിയെ വീണ്ടും വൈറ്റ് ഹൗസിൽ സ്വാഗതം ചെയ്യാൻ യുഎസ് ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് കാലയളവിൽ ട്രംപ് ഇന്ത്യ സന്ദർശിക്കാൻ സാധ്യതയില്ലെന്നും, അടുത്ത വർഷം ഇത് സാധ്യമായേക്കുമെന്നും അംബാസഡർ സൂചിപ്പിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്നും സെർജിയോ ഗോർ ഉറപ്പിച്ചു പറഞ്ഞു.
Story Summary
US Ambassador to India, Sergio Gor, highlighted the informal and close rapport between President Donald Trump and PM Narendra Modi, recounting how Trump once spontaneously decided to call the Prime Minister, calling him a “friend who doesn’t sleep.” Gor also confirmed that PM Modi is expected to attend the G20 Summit in Miami this December, while a potential visit by Trump to India is being considered for next year.

