അയോധ്യ: രാമക്ഷേത്ര സംഭാവന തട്ടിപ്പിലെ പ്രതികൾ മുസ്ലിങ്ങളായിരുന്നെങ്കിൽ യുപി സർക്കാർ ഇതിനകം തന്നെ എൻകൗണ്ടർ ചെയ്യുകയോ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയോ ചെയ്തേനെ എന്ന് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ഇത്തരം കേസുകളിൽ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിനെ പരിഹസിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.(Asaduddin Owaisi attacks UP Government over Ram Mandir donation embezzlement case)
“പ്രതികൾ മുസ്ലിങ്ങളായിരുന്നെങ്കിൽ സർക്കാർ ഇതിനകം അവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുകയും എൻകൗണ്ടർ ചെയ്യുകയും ചെയ്തേനെ. എന്നാൽ ഇവിടെ പ്രതികൾ സുഖമായി കഴിയുകയാണ്,” ഒവൈസി പറഞ്ഞു. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം വളരെ മന്ദഗതിയിലാണെന്നും, ഉന്നതതലത്തിൽ ഉൾപ്പെട്ടവരെ കസ്റ്റഡിയിൽ വാങ്ങാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെയും അദ്ദേഹം പരിഹാസമുയർത്തി. രാമക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവനയായി നൽകിയ തുകയിൽ ഏകദേശം 7 കോടിയോളം രൂപ തിരിമറി നടത്തി എന്നാണ് ആരോപണം. പണം എണ്ണുന്നതിലും ബാങ്കിൽ നിക്ഷേപിക്കുന്നതിലും കൃത്രിമം കാണിച്ച് പണം വകമാറ്റിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് എന്നിവരാണ് പിടിയിലായവർ. ഇവരെ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തുകയും, ഏകദേശം 80 ലക്ഷത്തോളം രൂപ തിരികെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉത്തർപ്രദേശ് സർക്കാരിനോട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ആവശ്യപ്പെട്ടത് ട്രസ്റ്റ് തന്നെയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
Story Summary
AIMIM chief Asaduddin Owaisi has criticized the UP government over the alleged embezzlement of Ram Mandir donations, claiming that if the accused had been Muslims, the state would have demolished their houses with bulldozers. The probe, involving the alleged siphoning of approximately Rs 7 crore, has led to eight arrests, and investigations are ongoing amidst political and legal pressure for a fair inquiry.

