ന്യൂഡൽഹി: ജെ.ഇ.ഇ (JEE), നീറ്റ്-യു.ജി (NEET-UG), സി.യു.ഇ.ടി-യു.ജി (CUET-UG) തുടങ്ങിയ മത്സരപരീക്ഷകൾക്ക് സ്വകാര്യ കോച്ചിംഗ് സെന്ററുകളെ അമിതമായി ആശ്രയിക്കുന്ന പ്രവണത തടയാൻ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ ശക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് നിർണ്ണായക ശുപാർശകൾ ഉള്ളത്.(Central Government Plans National Law To Regulate Coaching Centres And Entrance Exams)
കോച്ചിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി നിയമപരമായ ചട്ടക്കൂട് കൊണ്ടുവരിക. സുതാര്യത, ഉത്തരവാദിത്തം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവയ്ക്കായി ഏകീകൃത നിലവാരം ഉറപ്പാക്കുക. മികച്ച റാങ്കുകൾ അവകാശപ്പെട്ട് കോച്ചിംഗ് സെന്ററുകൾ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. അധ്യാപകരുടെ യോഗ്യത, വിദ്യാർത്ഥികളുടെ യഥാർത്ഥ വിജയനിരക്ക് എന്നിവ പരസ്യമായി വെളിപ്പെടുത്താൻ സെന്ററുകൾ നിർബന്ധിതരാകും.
ഡമ്മി സ്കൂളുകൾ തടയുന്നതിനായി സ്കൂളുകളിൽ ബയോമെട്രിക് ഹാജർ സംവിധാനം നിർബന്ധമാക്കും. സ്കൂളും കോച്ചിംഗ് സെന്ററും തമ്മിലുള്ള അധികാരപരിധി വ്യക്തമാക്കും. പ്രവേശന പരീക്ഷകൾ ക്ലാസ് മുറികളിൽ നടക്കുന്ന പഠനവുമായി കൂടുതൽ അടുപ്പിക്കുക. കോച്ചിംഗ് ഇല്ലാത്തവർക്കും വിജയിക്കാൻ കഴിയുന്ന രീതിയിൽ പരീക്ഷകളുടെ രൂപകല്പന മാറ്റുക. സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് കോച്ചിംഗിനായി ചെലവഴിക്കുന്ന ദിവസേനയുള്ള സമയത്തിന് പരിധി നിശ്ചയിക്കുക. തീവ്രമായ കോച്ചിംഗ് പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രം മതിയോ എന്നതും പരിശോധിക്കും. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അമിതമായ കോച്ചിംഗ് ആശ്രയത്വം അവസാനിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ വലിയൊരു ചുവടുവെപ്പായാണ് ഈ റിപ്പോർട്ടിനെ കാണുന്നത്. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം.
Story Summary
The Centre is considering a national law to regulate coaching centres and redesigning entrance exams like JEE and NEET to reduce student dependence on private coaching. A ministry-appointed committee has recommended mandatory disclosure of faculty qualifications, curbs on misleading advertisements, biometric attendance to end “dummy schooling,” and caps on daily coaching hours for school-going students.

