ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമാകാൻ അനുകൂല സാഹചര്യം ഒരുങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും (Monsoon Arrival Delhi July). ഡൽഹിയിൽ ജൂലൈ നാലിന് കാലവർഷം എത്തുമെന്നാണ് സ്കൈമെറ്റിന്റെ പ്രവചനം. സാധാരണയായി ജൂൺ അവസാനത്തോടെ കാലവർഷം എത്താറുള്ള ഡൽഹിയിൽ ഇത്തവണ ഒരാഴ്ചത്തെ താമസമാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഉണങ്ങിയ പടിഞ്ഞാറൻ കാറ്റും അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും തമ്മിലുള്ള സമ്പർക്കമാണ് ഉയർന്ന താപനിലയ്ക്കും ആർദ്രതയ്ക്കും കാരണമാകുന്നത്.
ഡൽഹിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ പ്രഭാതമാണ് ഇന്ന് രേഖപ്പെടുത്തിയത്. മിനിമം താപനില 31.1 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഉത്തർപ്രദേശിൽ വരും ദിവസങ്ങളിലും ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രയാഗ്രാജിൽ താപനില 43.4 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ രണ്ട് മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ പുതിയൊരു ‘വെസ്റ്റേൺ ഡിസ്റ്റർബൻസ്’ എത്തുന്നതോടെ മഴയുടെ ലഭ്യത വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഉത്തരാഖണ്ഡിലെ മലയോര ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത ചൂടിലും ആർദ്രതയിലും വലയുന്ന ഉത്തരേന്ത്യൻ ജനതയ്ക്ക് കാലവർഷത്തിന്റെ വരവ് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും, മഴ എത്തും വരെ ഉഷ്ണതരംഗം പോലുള്ള പ്രതിഭാസങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Summary: The India Meteorological Department (IMD) forecasts the advancement of the southwest monsoon across several northern states over the next five to six days, with the monsoon likely reaching Delhi by July 4. Despite the upcoming rainfall, northern India, particularly Uttar Pradesh, continues to face severe heatwave conditions and unusually high humidity due to the interaction of dry and moist wind patterns.

