ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബാംഗങ്ങളും ഉജ്ജയിനിൽ 168 ഏക്കർ ഭൂമി വാങ്ങിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബിജെപിക്കെതിരെ ശക്തമായ ആക്രമണവുമായി കോൺഗ്രസ്. ഇതിനെ ഒരു ‘ഭൂമി കുംഭകോണം’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, ബിജെപി നേതൃത്വം ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് സംശയകരമാണെന്ന് ആരോപിച്ചു.(Mohan Yadav, Congress Alleges Major Land Scam by Madhya Pradesh CM)
2023 ഡിസംബറിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 45 കോടി രൂപ മുടക്കി 137 പ്ലോട്ടുകളിലായി 168 ഏക്കർ ഭൂമി മോഹൻ യാദവും കുടുംബവും സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. സിംഹസ്ഥ കുംഭമേള നടക്കാനിരിക്കുന്ന ഉജ്ജയിനിലെ തന്ത്രപ്രധാനമായ പ്രദേശത്താണ് ഇതിൽ 111 ഏക്കറും സ്ഥിതി ചെയ്യുന്നത്. കൂടാതെ, ഉജ്ജയിന്റെ 2035-ലെ മാസ്റ്റർ പ്ലാൻ പ്രകാരം വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലാണ് ഈ ഭൂമി ഭൂരിഭാഗവും വാങ്ങിയിരിക്കുന്നത്.
എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് പവൻ ഖേരയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഉജ്ജയിനിലെയും അയോധ്യയിലെയും ഭൂമി വാങ്ങലുകൾ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും പവൻ ഖേര ആരോപിച്ചു. അയോധ്യയിലേതുൾപ്പെടെയുള്ള ഇത്തരം കേസുകളിൽ ആർഎസ്എസിന്റെ സ്വാധീനം വ്യക്തമാണെന്നും, മുഖ്യമന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോഴും ബിജെപി മൗനം പാലിക്കുന്നത് ഇവർക്കിടയിലുള്ള അവിശുദ്ധ ബന്ധം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ജിതു പട്വാരി ആവശ്യപ്പെട്ടു. 2023-ന് ശേഷം കുടുംബം വാങ്ങിയ ഭൂമിയെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഈ ഭൂമി വാങ്ങലുകളിലെ തീയതികളും സർക്കാർ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ സമയക്രമവും തമ്മിൽ കൃത്യമായ ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
Story Summary
The Congress party has accused Madhya Pradesh Chief Minister Mohan Yadav of a major land scam, alleging he and his family purchased 168 acres of land in Ujjain after taking office. Alleging that these acquisitions were strategically planned around future development projects like the 2035 Master Plan and Simhastha Kumbh, the Congress has demanded an independent judicial inquiry and a white paper on the land deals.

