നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ന് വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തും. ജൂലൈയിൽ അങ്കാറയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം (NATO Trump Meeting). ഇറാന്റെ വിഷയത്തിലുള്ള നാറ്റോയുടെ നിലപാടുകളിൽ ട്രംപ് അതൃപ്തനാണ്. കൂടാതെ, യൂറോപ്പിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പും നാറ്റോ സഖ്യത്തിന് വലിയ ആശങ്കയാകുന്നു.
ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ എണ്ണ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ വിഷയത്തിൽ നാറ്റോ സഖ്യം അമേരിക്കയ്ക്ക് പിന്തുണ നൽകാൻ വിസമ്മതിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞയാഴ്ച സഖ്യകക്ഷികളുടെ ‘ഫ്രീ റൈഡിംഗ്’ (തങ്ങളുടെ സംരക്ഷണച്ചെലവുകൾ വഹിക്കാത്ത അവസ്ഥ) നിലപാടിനെ വിമർശിക്കുകയും യൂറോപ്പിലെ അമേരിക്കൻ സൈനിക വിന്യാസത്തിൽ പുനഃപരിശോധന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതിരോധത്തിനായി ജിഡിപിയുടെ 5% ചെലവഴിക്കണമെന്ന ട്രംപിന്റെ ആവശ്യം നാറ്റോ അംഗങ്ങൾ നേരത്തെ അംഗീകരിച്ചിരുന്നുവെങ്കിലും ചില രാജ്യങ്ങൾ അത് നടപ്പിലാക്കുന്നതിൽ പിന്നിലാണെന്നത് തർക്കങ്ങൾക്കിടയാക്കുന്നു. ഈ പ്രതിസന്ധികളെ മറികടന്ന് ഉച്ചകോടി വിജയകരമാക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് റുട്ടെക്ക് മുന്നിലുള്ളത്.
Summary: NATO Secretary-General Mark Rutte is meeting with President Donald Trump in Washington today to address mounting tensions between the U.S. and the NATO alliance. The discord stems largely from NATO’s reluctance to support U.S. actions regarding Iran and the subsequent threat by the Trump administration to reduce American troop deployments in Europe.

