മുംബൈ : മുംബൈയിൽ അതിശക്തമായ മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ മൺസൂൺ മുംബൈയിൽ എത്തിയെങ്കിലും, ആദ്യ മഴയിൽ തന്നെ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പാടെ തകർന്നു. പലയിടങ്ങളിലും റോഡുകളിൽ വെള്ളം കയറുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.(Mumbai Rains Heavy Downpour Disrupts City Life)
ചൊവ്വാഴ്ച രാത്രി 8:30 മുതൽ ബുധനാഴ്ച രാവിലെ 5:30 വരെ രാം മന്ദിർ, കൊളാബ, സാന്താക്രൂസ് തുടങ്ങിയ പ്രദേശങ്ങളിൽ 200 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. രാം മന്ദിറിൽ 224 മില്ലീമീറ്റർ മഴയാണ് പെയ്തത്. സി യോൺ, വിക്രോളി, ബാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിലും അതിശക്തമായ മഴയുണ്ടായി.
മഴക്കെടുതിയിൽ വിക്രോളി വെസ്റ്റിൽ ഒരു കെട്ടിടത്തിന്റെ ഭിത്തി തകർന്നു വീണു. മറ്റൊരു സംഭവത്തിൽ, കാറിന് മുകളിലേക്ക് മരം കടപുഴകി വീണ് ഡ്രൈവർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ ട്രെയിൻ ഗതാഗതവും താറുമാറായി. താനെ-വാശി-പൻവേൽ പാതയിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് രാവിലെ ട്രെയിൻ സർവീസുകൾ ഏറെ നേരം തടസ്സപ്പെട്ടു.
അന്ധേരി സബ്വേ, ദാദർ, മലദ്, ഗാന്ധി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായെങ്കിലും, ബിഎംസി അധികൃതർ തക്കസമയത്ത് ഇടപെട്ട് വെള്ളം ഒഴുക്കിവിടാനുള്ള നടപടികൾ സ്വീകരിച്ചു. നിലവിൽ നഗരത്തിലെ പ്രധാന റോഡുകളിലെ വെള്ളം ഇറങ്ങുകയും ഗതാഗതം സാധാരണ നിലയിലാവുകയും ചെയ്തു. ഐഎംഡി മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Story Summary
Mumbai witnessed heavy rainfall on Tuesday night, with several areas recording over 200 mm of rain, leading to waterlogging, wall collapses, and disrupted train services. While the situation has since improved with the BMC clearing waterlogged areas, the IMD continues to maintain an orange alert as more rain is expected.

