ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച ആവശ്യവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലവിൽ മത്സരിക്കുന്ന ഈ സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകി. (Congress should take over Idukki seat, DCC writes to KPCC)
കഴിഞ്ഞ 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഈ അവകാശവാദം ഉന്നയിക്കുന്നത്. 1980 ലും 1982 ലും ജോസ് കുറ്റിയാനിയും, 1987 ൽ റോസമ്മ ചാക്കോയും കോൺഗ്രസ് സ്ഥാനാർത്ഥികളായി ഇടുക്കിയിൽ നിന്ന് വിജയിച്ചിരുന്നു.
എന്നാൽ 1996 ൽ ജനതാദളിലെ പി.പി. സുലൈമാൻ റാവുത്തർ മണ്ഡലം പിടിച്ചെടുത്തതോടെയാണ് ഇവിടെ കോൺഗ്രസിന്റെ കുത്തക തകർന്നത്. പിന്നീട് റോഷി അഗസ്റ്റിൻ മണ്ഡലം നേടി.



