കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ, സംസ്ഥാനത്തെ തങ്ങളുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി സ്വപൻ ദാസ് ഗുപ്തയാണ് സുപ്രധാനമായ പ്രഖ്യാപനങ്ങളുമായി ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനുമാണ് ബജറ്റ് മുൻഗണന നൽകുന്നത്.(West Bengal Budget, BJP Government Announces First West Bengal Budget With Focus On Jobs And Infrastructure)
ഒരു ലക്ഷം സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ ഡി.എ 20 ശതമാനം വർധിപ്പിച്ചു. കൂടാതെ സർക്കാർ ജോലികളിൽ സ്ത്രീകൾക്കായി 33 ശതമാനം സംവരണം ഏർപ്പെടുത്തും. കൊൽക്കത്തയ്ക്ക് സമീപം പുതിയ വിമാനത്താവളം, പൂർബ മേദിനിപ്പൂരിൽ ഡീപ്-സീ പോർട്ട്, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മിനി ഇൻഡോർ സ്റ്റേഡിയങ്ങൾ, വടക്കൻ ബംഗാളിൽ ഐ.ഐ.ടി (IIT), ഐ.ഐ.എം (IIM) എന്നിവ ബജറ്റിൽ പ്രഖ്യാപിച്ചു.
‘അന്നപൂർണ്ണ യോജന’യ്ക്കായി 36,000 കോടി രൂപ നീക്കിവെച്ചു. സ്ത്രീകൾക്കായി സൗജന്യ ബസ് സർവീസിനായി 550 കോടി രൂപ വകയിരുത്തി. ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക ക്ഷേമ ബോർഡും, കുടിയേറ്റ തൊഴിലാളികൾക്കായി ആയുഷ്മാൻ ഭാരത് കാർഡും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിക്ക് പകരമായാണ് ബി.ജെ.പി സർക്കാർ ‘അന്നപൂർണ്ണ യോജന’ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഗുണഭോക്താക്കൾക്ക് കൂടുതൽ പ്രതിമാസ ധനസഹായം ലഭിക്കും. നേരത്തെ ടി.എം.സി സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ 4.06 ലക്ഷം കോടി രൂപയുടെ ചെലവാണ് പ്രവചിച്ചിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി വിപുലമായ പദ്ധതികളാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
The newly elected BJP government in West Bengal has presented its first state budget, focusing on infrastructure and welfare. Finance Minister Swapan Dasgupta announced one lakh government jobs, a 33% quota for women, and the introduction of the ‘Annapurna Yojana’ along with major infrastructure projects like a new airport and deep-sea port.

