കാസർഗോഡ്: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിന് മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്നും സംസ്ഥാനത്തോടുള്ള ബിജെപിയുടെ പകപോക്കലാണ് ബജറ്റിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ വടക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എയിംസിനായി സംസ്ഥാനം സ്ഥലം കണ്ടെത്തി നൽകിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്. പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും അവഗണനയാണ് ഫലമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ബജറ്റിൽ കടലാമയെ സംരക്ഷിക്കാൻ പദ്ധതിയുണ്ട്, അതിൽ തെറ്റില്ല. എന്നാൽ കടലാമ മാത്രമല്ല കേരളത്തിലുള്ളതെന്ന് കേന്ദ്രം ഓർക്കണം. വന്യജീവികൾക്ക് ലഭിക്കുന്ന പരിഗണന പോലും കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരോക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.
അർദ്ധ അതിവേഗ റെയിലിനായുള്ള കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി. എന്തോ വലിയ പദ്ധതി വരുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർ ഇപ്പോൾ മൗനത്തിലാണെന്ന് ഇ. ശ്രീധരനെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെ വിമർശിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തയ്യാറാവുന്നില്ല. വികസന കാര്യങ്ങളിൽ ബിജെപിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പിന് പോലും കേന്ദ്ര സഹായം ലഭിച്ചില്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങൾക്ക് എല്ലാം നൽകിയപ്പോൾ കേരളത്തെ മാത്രം മാറ്റിനിർത്തുന്നത് എന്ത് അയോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



