ന്യൂഡൽഹി: ഉപഭോക്താക്കളെ ആകർഷിക്കാനായി ഉത്പന്നങ്ങളുടെ പാക്കറ്റുകൾക്ക് പുറത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആരോഗ്യ അവകാശവാദങ്ങളും (FSSAI notice) ചിത്രങ്ങളും നൽകിയ പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കർശന നടപടി തുടങ്ങി. പ്രമുഖ ബ്രാൻഡുകളായ കിൻഡർ ജോയ്, സഫോള കുക്കിങ് ഓയിൽ, അസ്-ഇറ്റ്-ഈസ് പ്രോട്ടീൻ പൗഡർ ഉൾപ്പെടെ നിരവധി ജനപ്രിയ ഉത്പന്നങ്ങൾക്കാണ് എഫ്.എസ്.എസ്.എ.ഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. തെറ്റായ അവകാശവാദങ്ങളുന്നയിച്ച് വിപണിയിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ കേന്ദ്ര നടപടി.
ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റായ ‘കിൻഡർ ജോയ് കോട്ടഡ് വേഫർ ബിസ്കറ്റിന്റെ’ കവറിന് പുറത്ത് ‘മിൽക്ക് സോളിഡുകളാൽ സമ്പന്നം’ (Rich in Milk Solids) എന്ന് വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. എന്നാൽ ഇത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉത്പന്നത്തിന്റെ യഥാർത്ഥ ഘടകങ്ങളിൽ അവകാശപ്പെടുന്നതുപോലെയുള്ള പാൽ സ്രവങ്ങൾ അടങ്ങിയിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കുന്നു.
മാരികോ ലിമിറ്റഡിന്റെ ‘സഫോള ടോട്ടൽ ഹാർട്ട് പ്രൊ-മൾട്ടി സോഴ്സ് കുക്കിങ് ഓയിലിനും’ എഫ്.എസ്.എസ്.എ.ഐ നോട്ടീസ് നൽകിയിട്ടുണ്ട്. പാക്കറ്റിന് പുറത്തുള്ള ‘ഹാർട്ട് പ്രൊ’ (Heart Pro) എന്ന ലേബലും ഹൃദയത്തിന്റെ ചിത്രവും ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന തെറ്റായ ധാരണ പൊതുജനങ്ങളിൽ ഉണ്ടാക്കും. കവറിന് പുറത്തെ ‘ഗുഡ് ഫാറ്റ് ബാലൻസ്’ (Good Fat Balance) എന്ന വാദം ശാസ്ത്രീയമായി തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. മെഡിസെൻ ലാബ്സിന്റെ ‘അസ്-ഇറ്റ്-ഈസ് ആറ്റം പി.ഡബ്ല്യു.ആർ വേ പ്രോട്ടീൻ’ പാക്കറ്റിന് പുറത്തെ ‘ശുദ്ധവും ആരോഗ്യകരവും’, ‘100 ശതമാനം ആധികാരികം’ എന്നീ വാചകങ്ങൾ നിലവിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്ക് അനുസൃതമല്ല. ഇവരുടെ ‘ഈസി ഡൈജസ്റ്റ്’, ‘ലീൻ മസിൽ ഗെയിൻസ്’ എന്നീ അവകാശവാദങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.
കൂടാതെ ‘പ്ലക്ക് മാംഗോ ഫ്രൂട്ട് ജ്യൂസിന്റെ’ പാക്കറ്റിലെ ‘നോ ആഡഡ് ഷുഗർ’ (No Added Sugar) എന്ന വാദവും, ‘നേച്വറൽ പനീർ’ എന്ന ബ്രാൻഡിന്റെ പേരും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പനീർ പല ഘടകങ്ങൾ ചേർത്ത ഒരു സംയുക്ത ഭക്ഷണം മാത്രമാണ്. ഗൗർ ഹെൽത്തി ഫുഡിന്റെ ‘സിൽക്കൻ ടോഫു’, മാസ്റ്റർ ചോ ഫുഡ്‌സിന്റെ ‘റാമെൻ നൂഡിൽസ്’ എന്നിവയ്ക്കും അതോറിറ്റി നോട്ടീസ് അയച്ചു.
അതേസമയം, മേൽപ്പറഞ്ഞ ഉത്പന്നങ്ങൾക്കൊന്നും നിലവിൽ ഗുണനിലവാര പ്രശ്നങ്ങളോ (Quality Issues) ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. വിപണിയിലെ തെറ്റായ പരസ്യങ്ങൾക്കും ലേബലിംഗിനുമെതിരെയാണ് നടപടി. നോട്ടീസിന്മേൽ കമ്പനികൾ കൃത്യമായ ശാസ്ത്രീയ രേഖകൾ സഹിതം നിശ്ചിത സമയത്തിനകം വിശദീകരണം നൽകേണ്ടതുണ്ട്.
Story Summary: The Food Safety and Standards Authority of India (FSSAI) has issued notices to major brands, including Kinder Joy and Saffola Oil, for making misleading health claims and using deceptive labeling on their packaging. FSSAI pointed out that Kinder Joy’s “Rich in Milk Solids” claim and Saffola’s “Heart Pro” branding lacked proper scientific validation and misinformed consumers. Other products like As-It-Is Whey Protein and Pluck Juice also faced notices. No quality defects were found, but companies must now justify their marketing claims.

