ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ്, ഉദയനിധി സ്റ്റാലിൻ, തമിഴിസൈ സൗന്ദരരാജൻ എന്നിവർക്കെതിരെ സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഇവർ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് തള്ളിയത്.(Madras High Court dismisses pleas against Vijay and Udhayanidhi Stalin)
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 26 സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ തെറ്റാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. വിജയ് പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ആസ്തി വിവരങ്ങൾ വ്യത്യസ്തമാണെന്ന് ഹർജിക്കാരൻ വി. വിഘ്നേഷ് ആരോപിച്ചിരുന്നു. തിരുച്ചി ഈസ്റ്റിൽ 224 കോടി രൂപയുടെ ചരാസ്തി കാണിച്ചപ്പോൾ, പെരമ്പൂർ സത്യവാങ്മൂലത്തിൽ അത് 105 കോടി രൂപയായി കുറഞ്ഞുവെന്നാണ് പരാതി.
ഉദയനിധി സ്റ്റാലിൻ്റെ 2021-ലെയും 2026-ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടെന്ന് ആരോപിച്ച് ആർ. കുമാരവേലുവാണ് ഹർജി നൽകിയത്. ആസ്തികളിൽ വന്ന കുറവ്, വായ്പകളിലെ അവ്യക്തത, കോർപ്പറേറ്റ് രേഖകളുമായുള്ള പൊരുത്തക്കേടുകൾ എന്നിവയായിരുന്നു ആരോപണം. സംഭവത്തിൽ ആദായനികുതി വകുപ്പ് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
തമിഴിസൈ സൗന്ദരരാജൻ്റെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും 2026 നിയമസഭാ തിരഞ്ഞെടുപ്പിലെയും സത്യവാങ്മൂലങ്ങൾ തമ്മിൽ വരുമാന വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് ഗൗതം ശിവ എന്നയാൾ ആരോപിച്ചിരുന്നു. എങ്കിലും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇത്തരം പരാതികൾ ‘റപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ട്’ 1951-ലെ സെക്ഷൻ 80 പ്രകാരം തിരഞ്ഞെടുപ്പ് ഹർജിയായി മാത്രമെ കോടതിയിൽ ഉന്നയിക്കാൻ പാടുള്ളൂ എന്ന എതിർഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് ഹർജികളും കോടതി തള്ളിയത്.
Story Summary
The Madras High Court has dismissed petitions challenging the election affidavits of Tamil Nadu Chief Minister Vijay, Deputy CM Udhayanidhi Stalin, and BJP leader Tamilisai Soundararajan over alleged asset discrepancies. The court ruled that such challenges must be filed specifically as election petitions under Section 80 of the Representation of the People Act, 1951.

