മുംബൈ : മുംബൈ കെ.ഇ.എം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സെജൽ പവാറിനെതിരെ നടപടിയുമായി അധികൃതർ. ഹാസ്യതാരം പ്രണീത് മോറെയുടെ ഷോയിൽ വെച്ച് മൃതദേഹങ്ങളെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തെത്തുടർന്ന് സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കോളേജ് ക്യാമ്പസിലേക്കും ഹോസ്റ്റലിലേക്കും പ്രവേശിക്കുന്നതിൽ നിന്നും വിദ്യാർത്ഥിനിയെ വിലക്കിയിട്ടുണ്ട്. വിവാദമായ വീഡിയോയിൽ കാണുന്നത് സെജൽ പവാർ തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.(MBBS Student Sejal Pawar sent on a 15-day forced leave Over Derogatory Remarks On Cadavers)
വിഷയം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയമിച്ചു. വിരമിച്ച പ്രൊഫസർ, മുതിർന്ന മാധ്യമപ്രവർത്തകൻ, കോളേജിലെ മൂന്ന് അധ്യാപകർ എന്നിവരടങ്ങുന്ന സമിതി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിനിടെ വിദ്യാർത്ഥിനി ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചതായും കരഞ്ഞതായും അധികൃതർ അറിയിച്ചു. സുരക്ഷ മുൻനിർത്തി ഇവരെ കുടുംബത്തിന് കൈമാറി. മാനസികാരോഗ്യം വീണ്ടെടുക്കാൻ കൗൺസിലിംഗിന് വിധേയയാകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഹാസ്യതാരം പ്രണീത് മോറെ, ഹിമാൻഷു ജംഗ്ര, സെജൽ പവാർ എന്നിവർക്കെതിരെ മഹാരാഷ്ട്ര സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിമാൻഷു ജംഗ്രയെ ഈ സംഭവത്തെത്തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. വിഷയത്തിൽ അന്തിമ റിപ്പോർട്ട് ലഭിക്കുന്നത് വരെ കോളേജ് അധികൃതർ കർശന നിരീക്ഷണം തുടരും. തന്റെ പരാമർശത്തിൽ വിദ്യാർത്ഥിനി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
Story Summary
MBBS student Sejal Pawar has been sent on a 15-day forced leave by Mumbai’s KEM Hospital following a public outcry over her derogatory remarks about cadavers on a comedy show. A five-member committee has been appointed to investigate the incident, and Maharashtra cyber police have registered a case against her, comedian Pranit More, and others involved in the viral videos.

