Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala
HomeNationalഹോർമുസ് ഉപരോധം ഇന്ത്യയും പാലിക്കണം; വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച്...

ഹോർമുസ് ഉപരോധം ഇന്ത്യയും പാലിക്കണം; വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ | Marco Rubio S Jaishankar phone call

🎙️ Latest Podcast

ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എല്ലാ വാണിജ്യക്കപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ (Marco Rubio S Jaishankar phone call). ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ ഫോണിൽ വിളിച്ചാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ ഉപരോധം അവഗണിച്ചുകൊണ്ട് ഇറാനിയൻ എണ്ണ കടത്തിക്കൊണ്ടുപോകുന്ന ഒരു കപ്പലിനെയും വെറുതെ വിടില്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതോടെയാണ് ഇറാന് പിന്നാലെ യുഎസും ഹോർമുസ് കടലിടുക്കിൽ കർശന ഉപരോധം പ്രഖ്യാപിച്ചത്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യൂറോപ്യൻ പര്യടനത്തിനിടയിലാണ് നാടകീയമായി റൂബിയോയുടെ ഫോൺ സന്ദേശമെത്തുന്നത്. ഒമാൻ നടുക്കടലിൽ വെച്ച് ഇന്ത്യൻ കപ്പലിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തുകയും മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കഴിഞ്ഞ ദിവസം ജയശങ്കർ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കി സ്റ്റേറ്റ് സെക്രട്ടറി രംഗത്തെത്തിയത്.

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന ഡെക്ക് കേഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചതെന്ന് ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും ബന്ധുക്കൾ തിരിച്ചറിഞ്ഞതായും മന്ത്രി അറിയിച്ചു.

ഈ ആഴ്ച ആദ്യം ഒമാൻ ഉൾക്കടലിൽ വെച്ചായിരുന്നു പലാവ് ഫ്ലാഗ് ചെയ്ത ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യത്തിന്റെ മാരകമായ ആക്രമണമുണ്ടായത്. 24 ഇന്ത്യക്കാരും രണ്ട് പാകിസ്താനികളും ഒരു യുക്രൈൻ സ്വദേശിയും ഒരു റഷ്യക്കാരനും ഉൾപ്പെടെ ആകെ 28 ജീവനക്കാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. ദുരന്തത്തിൽപെട്ട നാവികരുടെ കുടുംബങ്ങളോടൊപ്പം രാജ്യം ദുഃഖം പങ്കിടുന്നതായും ആവശ്യമായ എല്ലാ പിന്തുണയും മോദി സർക്കാർ നൽകുമെന്നും സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മന്ത്രി സർബാനന്ദ സോണോവാൾ എക്സിൽ (X) കുറിച്ചിരുന്നു.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ഹോർമുസ് കടലിടുക്കിനെയും അന്താരാഷ്ട്ര കപ്പൽപാതകളെയും പ്രതികൂലമായി ബാധിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് രണ്ട് ഡോളറിലധികമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.47 ശതമാനം ഉയർന്ന് ബാരലിന് 95.40 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വില 2.89 ശതമാനം വർദ്ധിച്ച് 92.63 ഡോളറിലും എത്തിനിൽക്കുന്നു. ഇത് വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Story Summary: US State Secretary Marco Rubio called Indian External Affairs Minister S. Jaishankar, demanding that India adhere to the US-imposed Hormuz Strait blockade on commercial vessels. This follows a US military attack on the vessel MT Settebello in the Gulf of Oman, which resulted in the deaths of three Indian sailors. Consequently, global crude oil prices have surged, with Brent crude reaching $95.40.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.