കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയാരോപിച്ച് കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കി കർണാടക പോലീസ് ( CJ Roy Confident Group suicide). ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദമാണ് റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. എന്നാൽ, പരിശോധനകൾ നിയമപരമായിരുന്നുവെന്നും റോയിയുടെ മേൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും വ്യക്തമാക്കി ആദായനികുതി വകുപ്പ് രംഗത്തെത്തി. താൻ സമ്മർദ്ദത്തിലല്ലെന്ന് റോയ് രേഖാമൂലം എഴുതി നൽകിയിരുന്നതായും അധികൃതർ അവകാശപ്പെടുന്നു.
സംഭവദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനാണ് റോയ് ഓഫീസിലെത്തിയത്. തന്റെ ക്യാബിനിലേക്ക് പോകുന്നതിന് മുൻപ് ‘അമ്മയോട് സംസാരിക്കണം’ എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് നൽകിയ പരാതിയിൽ പറയുന്നു. പത്ത് മിനിറ്റിന് ശേഷം ജോസഫ് തിരികെയെത്തിയപ്പോൾ, ആരെയും അകത്തേക്ക് വിടരുതെന്ന് റോയ് നിർദ്ദേശിച്ചതായി സെക്യൂരിറ്റി അറിയിച്ചു. സംശയം തോന്നി കതക് തകർത്ത് അകത്ത് കയറിയപ്പോഴാണ് ഷർട്ടിൽ നിറയെ രക്തവുമായി കസേരയിൽ ഇരിക്കുന്ന നിലയിൽ റോയിയെ കണ്ടെത്തിയത്. ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റോയിയെ മാനസികമായി തളർത്തിയെന്നും ഓഫീസിൽ തടഞ്ഞുവെച്ചെന്നും സഹോദരൻ സി.ജെ. ബാബുവും ലീഗൽ അഡ്വൈസർ പ്രകാശും ആരോപിച്ചു. നോട്ടിസ് നൽകി ദുബായിൽ നിന്ന് വിളിപ്പിച്ച ശേഷമായിരുന്നു റെയ്ഡ്. അതേസമയം, വ്യാഴാഴ്ചയാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും മരണദിവസം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നുമാണ് ഐടി വകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ കർണാടക സിഐഡി വിഭാഗം റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. റോയിയുടെ ഡയറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിസിനസ് രംഗത്ത് ‘സീറോ ഡെറ്റ്’ (കടമില്ലാത്ത) എന്ന ഖ്യാതിയുണ്ടായിരുന്ന റോയിയുടെ മരണം റിയൽ എസ്റ്റേറ്റ് മേഖലയെ നടുക്കിയിരിക്കുകയാണ്.
Summary
The death of Confident Group Chairman C.J. Roy has sparked a controversy, with his family accusing the Income Tax Department of excessive pressure while the department maintains that its procedures were legal and voluntary. Following Roy’s suicide in his office cabin after expressing a final wish to speak with his mother, the Karnataka CID has seized his diary and recorded statements to investigate potential harassment.

