ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ ചരിത്രം കുറിക്കും. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന മോഹിന്ദർ അമർനാഥിന്റെ റെക്കോർഡ് രോഹിത് സ്വന്തം പേരിലാക്കും. 39 വയസ്സും 36 ദിവസവും പ്രായമുള്ളപ്പോഴാണ് മോഹിന്ദർ അമർനാഥ് അവസാനമായി ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്. എന്നാൽ ഇന്ന് ധരംശാലയിൽ പന്തെറിയുമ്പോൾ രോഹിത്തിന് 39 വയസ്സും 44 ദിവസവുമാണ് പ്രായം. (Rohit Sharma Oldest Indian ODI Player)
ഐപിഎല്ലിനിടെയുണ്ടായ പരിക്ക് ഭേദമായി ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിന് ശേഷമാണ് രോഹിത് ടീമിൽ തിരിച്ചെത്തുന്നത്. ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് വിരാട് കോഹ്ലി ഈ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2027-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് അഫ്ഗാനിസ്ഥാനെതിരായ ഈ പരമ്പര. അതിനാൽ തന്നെ ടീം മാനേജ്മെന്റ് രോഹിത്തിന്റെ ഫിറ്റ്നസ് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അടുത്ത ലോകകപ്പിന് മുന്നോടിയായി ഏകദേശം 25 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കാനുള്ളത്. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം ടീം കോമ്പിനേഷനുകളിൽ പരീക്ഷണങ്ങൾ നടത്താനും ഈ പരമ്പര ഇന്ത്യയെ സഹായിക്കും. ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ, കോഹ്ലിയുടെ അഭാവത്തിൽ ഇഷാൻ കിഷനോ യശസ്വി ജയ്സ്വാളോ മൂന്നാം നമ്പറിൽ ബാറ്റിംഗിന് എത്തിയേക്കും. പരമ്പരയിൽ നിതീഷ് കുമാർ റെഡ്ഡിയുടെ പ്രകടനവും ടീം മാനേജ്മെന്റ് ഉറ്റുനോക്കുന്നുണ്ട്. പരിക്കുകൾ പതിവായ ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി റെഡ്ഡിയെ വളർത്താനാണ് ഇന്ത്യയുടെ തീരുമാനം.
Summary: Veteran Indian batter Rohit Sharma is set to make history in the first ODI against Afghanistan in Dharamsala by becoming the oldest Indian to play in an ODI match. At 39 years and 44 days, Rohit will surpass the long-standing record held by Mohinder Amarnath (39 years, 36 days). The series marks the beginning of India’s preparations for the 2027 ODI World Cup in South Africa, with the team management using the opportunity to experiment with squad combinations in the absence of Virat Kohli, who is sidelined due to a hamstring injury.

