ജയ്‌പൂർ: രാജസ്ഥാനിലെ ബിക്കാനേറിലെ പ്രിൻസ് ബിജയ് സിങ് മെമ്മോറിയൽ ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് വൃക്ക തകരാർ സംഭവിച്ച സംഭവത്തിൽ പ്രതികരിക്കവെ, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിൻവ്സാർ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് (Rajasthan Health Minister Controversy). പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിയ സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, “അവർ നൃത്തം ചെയ്താണോ ആശുപത്രിയിൽ വന്നത്?” എന്ന് മന്ത്രി തിരിച്ചു ചോദിച്ചതാണ് രൂക്ഷമായ പ്രതിഷേധത്തിന് കാരണമായത്.
അശ്രദ്ധമൂലം ആശുപത്രിയിൽ പ്രസവത്തിനെത്തിയ സ്ത്രീകൾക്ക് വൃക്ക തകരാറുണ്ടായ സംഭവത്തിൽ ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ മോശം പരാമർശം ഉണ്ടായത്. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ അവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും, ഇതിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവില്ലെന്നുമാണ് മന്ത്രി വാദിച്ചത്. മരണനിരക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആശുപത്രിയിൽ എത്തുന്ന ആയിരം പേരിൽ രണ്ടുപേർ മാത്രമേ മരിക്കുന്നുള്ളൂ എന്നും ബാക്കിയുള്ളവർ സുഖം പ്രാപിച്ചു മടങ്ങുന്നുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു.
മന്ത്രിയുടെ പരാമർശം മാതൃത്വത്തോടുള്ള വലിയ അധിക്ഷേപമാണെന്ന് കാണിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രസവവേദന അനുഭവിക്കുന്ന സ്ത്രീകൾക്കെതിരെ ഇത്തരത്തിൽ പരിഹാസരൂപേണ സംസാരിക്കുന്നത് ഒരു ആരോഗ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് പ്രതിപക്ഷ നേതാവ് ടിക്കാറാം ജുല്ലി പറഞ്ഞു. പരിഹാസങ്ങളല്ല, മറിച്ച് സ്ത്രീകൾക്ക് അടിയന്തിരമായി വേണ്ടത് മികച്ച ആരോഗ്യസൗകര്യങ്ങളാണ്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഉത്തരവാദിത്തമില്ലാത്ത വാക്കുകൾ ഉപയോഗിച്ച മന്ത്രി മാപ്പുപറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Summary: Rajasthan Health Minister Gajendra Singh Khimsar has sparked a major controversy after making insensitive remarks regarding five women who suffered kidney failure following childbirth at a hospital in Bikaner. While defending the hospital authorities, the minister questioningly asked, “Did they come dancing?” in response to queries about the condition of the women upon admission.

