1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ‘കാല ഹിരൺ: ദ ബാറ്റിൽ ഫോർ ലെഗസി’ എന്ന സിനിമയ്‌ക്കെതിരെ ബോളിവുഡ് താരം സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു (Kala Hiran Movie Controversy). തന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും, ചിത്രം തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടൻ കോടതിയിൽ ഹർജി നൽകിയത്. സിനിമയുടെ നിർമ്മാണം, പ്രചാരണം, റിലീസ് എന്നിവ അടിയന്തരമായി നിർത്തിവെക്കണമെന്ന് സൽമാൻ ഖാൻ കോടതിയിൽ ആവശ്യപ്പെട്ടു. ചിത്രത്തിൽ സൽമാൻ ഖാന്റെ പേര് നേരിട്ട് ഉപയോഗിച്ചിട്ടില്ലെങ്കിലും, പോസ്റ്ററുകളിലും പ്രൊമോഷണൽ മെറ്റീരിയലുകളിലും താനുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
നടന്റെ കൈയിലെ പ്രശസ്തമായ നീല ബ്രേസ്‌ലെറ്റിന് സമാനമായ ആഭരണം ധരിച്ച ഒരാളെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഇത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉപയോഗപ്പെടുത്തി പണമുണ്ടാക്കാനുമാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നതെന്ന് താരം ആരോപിക്കുന്നു. ഈ കേസ് രാജസ്ഥാൻ ഹൈക്കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, അതിനെ ആസ്പദമാക്കി സിനിമ എടുക്കുന്നത് നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്നും സൽമാൻ ഖാൻ വാദിക്കുന്നു. ഏപ്രിൽ മാസത്തിൽ ഇതിനെതിരെ നടൻ വക്കീൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും സിനിമയുടെ പ്രചാരണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ കോടതിയുടെ അടിയന്തര ഇടപെടൽ തേടി സൽമാൻ ഖാൻ രംഗത്തെത്തിയത്. സിനിമയുടെ സംവിധായകൻ ഭരത് ശ്രീനാഥ്, നിർമ്മാതാവ് അമിത് ജാനി തുടങ്ങിയവർക്കെതിരെയാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്.
Summary: Bollywood actor Salman Khan has moved the Delhi High Court seeking an urgent stay on the upcoming film Kala Hiran: The Battle for Legacy, alleging a violation of his personality and publicity rights. Khan contends that the film, which is inspired by the 1998 blackbuck poaching case, uses his likeness—including his iconic bracelet—and leverages his name without authorization to generate commercial interest. The actor argues that the project could damage his reputation and potentially prejudice ongoing judicial proceedings, requesting a permanent injunction against its production, promotion, and release.

