മുംബൈ: 11 കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ ‘മിസിസ് കേരള’ മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി (Harsha Sunny Arrested). ഹർഷ സണ്ണി (28) എന്ന യുവതിയെയാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെത്തിയതായിരുന്നു ഇവർ. ജൂൺ 10-11 തീയതികളിൽ ചത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹർഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ട്രോളി ബാഗ് പരിശോധിച്ചപ്പോൾ, വാക്വം സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ പച്ച നിറത്തിലുള്ള ലഹരിവസ്തു കണ്ടെത്തി.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് ഉയർന്ന നിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. 11 കിലോയിലധികം ഭാരമുള്ള കഞ്ചാവിന് വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റിലായ ഹർഷയെ ഫോർട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലഹരിമരുന്ന് ആർക്കാണ് കൈമാറേണ്ടിയിരുന്നത് എന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ആളുകൾ ആരൊക്കെയാണെന്നും കണ്ടെത്താനുള്ള വിശദമായ അന്വേഷണം ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.
Summary: Harsha Sunny, a 28-year-old former ‘Mrs Kerala’ 2025 contestant, has been arrested at Mumbai airport for allegedly smuggling over 11 kg of high-quality hydroponic marijuana. Valued at approximately Rs 11.82 crore, the contraband was seized from her luggage following her arrival from Bangkok. She has been remanded to judicial custody, and authorities are currently investigating the intended destination and potential network behind the illicit consignment.

