1901 മെയ് 23, പാരിസ് അറ്റോര്‍ണി ജനറലിന് ഒരു അജ്ഞാത കത്ത് ലഭിക്കുന്നു. പരാതിയാക്കും എന്ന് കരുതി ആ മനുഷ്യൻ ആ കത്ത് പൊട്ടിച്ചു വായിക്കുന്നു. ആ കത്ത് വായിച്ചതും അയാൾ ഏറെ അസ്വസ്ഥനായി.
” വളരെ ഗുരുതരമായ ഒരു സംഭവത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി പകുതി പട്ടിണി കിടന്ന് ചീഞ്ഞളിഞ്ഞ മാലിന്യം തിന്ന് ജീവിക്കുന്ന, മാഡം മോണിയറുടെ വീട്ടിൽ പൂട്ടിയിട്ടിരിക്കുന്ന ഒരു സ്ത്രീയെ കുറിച്ചാണ് ഞാൻ പറയുന്നത്, സ്വന്തം മലമൂത്ര വിസര്‍ജ്ജനത്തിനിടയിലാണ് ആ സ്ത്രീ ജീവിക്കുന്നത്”
ഇതായിരുന്നു ആ കത്തിന്റെ ഉള്ളകടം. കാര്യം ഗുരുതരമാണ്. കത്തിൽ പരാമർശിക്കുന്ന മാഡം മോണിയർ (Madam Monnier) ഒരു സമ്പന്നനായ പ്രഭ്വിയാണ്. അവർക്ക് ഒരു മകൻ ഉണ്ട്. സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ധനിക കുടുംബം. ഒരു നിമിഷം ആ കത്തിൽ എഴുതിയിരുന്നത് സത്യമാണോ എന്ന് പോലും അയാൾ സംശയിച്ചു. എന്നിരുന്നാലും അന്വേഷിക്കാതിരിക്കാൻ കഴിയില്ല. കത്തും കത്തിലെ വിവരങ്ങളും ഉടൻ തന്നെ പോലീസിനെ അറിയിക്കുന്നു. അന്ന് വൈകുന്നേരം തന്നെ പോലീസ് മാഡം മോണിയറുടെ വീട്ടിൽ എത്തുന്നു.
വീട്ടിൽ എത്തി കതകിൽ മുട്ടിയ പോലീസുകാരെ സ്വീകരിച്ചത് വീട്ടുജോലിക്കാരനായിരുന്നു. തങ്ങളുടെ വരവിന്റെ ലക്ഷ്യം എന്താണ് എന്ന് പറഞ്ഞതോടെ കിടപ്പിലായ യജമാനത്തിയെ വിവരം അറിയിക്കുന്നു. എന്നാൽ പോലീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത് മാഡം മോണിയറുടെ മകൻ മാർസെലയിരുന്നു (Marcel Monnier). തങ്ങൾ എന്തിനാണ് അവിടേക്ക് എത്തിയെതെന്ന് പോലീസ് വ്യക്തമാക്കി. അതോടെ വീട് പരിശോധിക്കുവാൻ മാർസെൽ സമ്മതം മൂളി. എന്നാൽ അസ്വാഭാവികമായി ഒന്നും തന്നെ അവർക്ക് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല.
അങ്ങനെ, മടങ്ങാൻ ഒരുങ്ങവെയാണ് പോലീസുകാരുടെ ശ്രദ്ധയിൽ അത് പതിയുന്നത് . മുകളിലത്തെ മുറിയിൽ നിന്നും അസഹനീയമായി ദുർഗന്ധം വമിക്കുന്നു. കാര്യം പോലീസുകാർ തിരക്കിയപ്പോൾ ഒന്നുമില്ലെന്നായിരുന്നു മാർസെലിന്റെ മറുപടി. ആ മറുപടിയിൽ പോലീസ് ഒട്ടും തൃപ്തരല്ലായിരുന്നു. മുകളിലത്തെ നിലയിൽ പ്രവേശിച്ച പോലീസുകാർ കണ്ടത് പുറത്തുനിന്നും പൂട്ടിയ നിലയിൽ ഒരു മുറിയാണ്. മുറിയുടെ അടുത്തേക്ക് നടന്ന് നീങ്ങുംതോറും ദുർഗന്ധം അസഹനീയമായി തുടങ്ങി. ഒടുവിൽ മുറിയുടെ പൂട്ടു പൊളിക്കുന്നു. കുറ്റാക്കൂരിരുട്ട്, മുറിക്കുള്ളില്‍ എന്താണ് എന്ന് കാണുവാൻ പോലും കഴിയാത്ത രീതിയിലായിരുന്നു ഇരുട്ട് ആ മുറിയ ആവരണം ചെയ്തിരുന്നത്. എന്നാൽ മിന്നായം പോലെ അവരുടെ കണ്ണിൽ അത് പതിഞ്ഞു, ജീർണിച്ച ഒരു മെത്തയിൽ കിടക്കുന്ന ഒരു ദുർബലവും മെലിഞ്ഞതുമായ രൂപം. ഒരു പൊലീസുകാരന്‍ ആ മുറിയുടെ ജനാല തുറന്നു, 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി സൂര്യകിരണങ്ങൾ ആ മുറിക്കുള്ളിൽ പതിയുന്നു. പ്രകാശം പതിച്ചതോടെ ആ മുറിയിലെ കാഴ്ച വ്യക്തമാക്കാൻ തുടങ്ങി.
‘കണങ്കാലുകളോളം എത്തുന്ന നീളമുള്ള മുടി, കട്ടിയുള്ള നഖങ്ങൾ, സ്വന്തം അവശിഷ്ടങ്ങൾക്കിടയിൽ ശാപമോചനവും കാത്തിരിക്കുന്ന മനുഷ്യ രൂപം. സ്വന്തം ഛര്‍ദ്ദിലും മലവും നിറഞ്ഞ മുറിയില്‍ ചങ്ങലക്കിട്ടനിലയില്‍ എല്ലുംതോലുമായി നഗ്നയായ ഒരു സ്ത്രീ’. ജീവനുള്ള മനുഷ്യന് എങ്ങനെയൊക്കെ വികൃതമാകുമോ അങ്ങനെയൊക്കെയും ആ ശരീരം ഇല്ലാതെയായിരുന്നു. ആ സ്ത്രീ, ബ്ലഞ്ച് മോണിയർ (Blanche Monnier), മാഡം മോണിയറുടെ ഇളയ മകൾ.
ആ സ്ത്രീയുടെ ദയനീയ അവസ്ഥ കണ്ട് പോലീസ് അവരെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ബ്ലഞ്ച് അവൾ അനുഭവിക്കേണ്ടി വന്ന കാരാഗൃഹ വാസത്തിന് പിന്നിലെ കഥ പറഞ്ഞു. 1849, മാര്‍ച്ച് ഒന്നിനാണ് ബ്ലഞ്ചിന്റെ ജനനം. ഫ്രാന്‍സിലെ സമ്പന്ന ബൂര്‍ഷ്വാ കുടുംബത്തിലായിരുന്നു ബ്ലഞ്ച് ജനിച്ചത്. ബ്ലഞ്ചിന്റെ അമ്മ മാഡം മോണിയർ സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെട്ട് സ്ത്രീയായിരുന്നു. തലയ്ക്ക് മീതെ പണം മാത്രം കറങ്ങുന്നത് കൊണ്ട് തന്നെ ആ സ്ത്രീക്ക് പാവപ്പെട്ടവരോട് വല്ലാത്ത ചതുർത്ഥിയായിരുന്നു. തനിക്ക് ചുറ്റും ഉള്ളവർ അടിമക്കൾ എന്നതായിരുന്നു അവരുടെ ഭാവവും പെരുമാറ്റവും. മൂത്ത മകനും ഏറെക്കുറെ അമ്മയെ പോലെ തന്നെയായിരുന്നു. എന്നാൽ ബ്ലഞ്ച് അവരിൽ നിന്നും ഏറെ വ്യത്യസ്തയും. ബ്ലഞ്ച് അതീവ സുന്ദരിയായിരുന്നു. അതു കൊണ്ട് തന്നെ നിരവധി സമ്പന്ന കുടുംബങ്ങളിൽ നിന്നും വിവാഹ ആലോചനകൾ അവളെ തേടിയെത്തി. എന്നാൽ തനിക്ക് വരുന്ന എല്ലാ ആലോചനകളും ബ്ലഞ്ച് നിരസിക്കുമായിരുന്നു. അതിന് പ്രധാന കാരണം, അവളുടെ പ്രണയമായിരുന്നു.
ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അവള്‍ ഒരു അഭിഭാഷകനുമായി പ്രണയത്തിലായി. ബ്ലഞ്ചിന്റേതു പോലെ പറയത്തക്കവണ്ണം പണമോ പേരോ പ്രശ്ത്തിയോ ഇല്ലാത്ത ഒരു കുടുംബമായിരുന്ന കാമുകന്റേത്. എന്നാൽ, മാഡം മോണിയര്‍ അവളുടെ പ്രണയത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇനി എന്ത് തന്നെ സംഭവിച്ചാലും ഇരുവരും തമ്മിൽ ഒന്നിക്കാൻ അനുവദിക്കില്ല എന്ന് അവർ ഉറപ്പിച്ചു. എന്നാല്‍, ബ്ലഞ്ച് തന്‍റെ പ്രണയത്തില്‍നിന്നും പിന്നോട്ട് പോകാന്‍ തയാറായിരുന്നില്ല. അതോടെ മാഡം മോണിയര്‍ വീട്ടിനുള്ളിൽ ഒരു മുറിക്കുള്ളിൽ അവളെ പൂട്ടിയിട്ടു. കാലിൽ ചങ്ങലകൾ കൊണ്ട് ബന്ധിച്ച്, മുറിയിലെ വാതിലും ജനാലകളും എല്ലാം അടച്ചിട്ടു. കൃത്യ സമയങ്ങളിൽ ഭക്ഷണം മാത്രം നൽകി, മലമൂത്രവിസര്‍ജ്ജനവും അതെ മുറിയിൽ തന്നെ.
അങ്ങനെ ഒന്നോ രണ്ടോ ദിവസമല്ല ബ്ലഞ്ചിന് ആ മുറിയിൽ ഇരുട്ടിൽ കഴിയേണ്ടി വന്നത്. ഇരുപത്തിയഞ്ചാം വയസ്സിൽ തടവിൽ അടക്കപ്പെട്ട ആ യുവതി വെളിച്ചം കാണുന്നത് 25 വർഷങ്ങ്ൾക്ക് ശേഷമാണ്. അമ്മയും സഹോദരനും അവരുടെ നിത്യ ജീവിതം പഴയപടി തന്നെ തുടർന്നു. അവളെ പറ്റി അന്വേഷിച്ച് എത്തുന്നതവരോട് മകളെ കാണ്മാൻ ഇല്ല എന്ന മറുപടിയാണ് മാഡം മോണിയര്‍ നൽകിയത്. 1885 -ല്‍ ബ്ലഞ്ചിന്റെ കാമുകൻ മരണപ്പെട്ടു, എന്നിട്ട് പോലും അവള്‍ക്ക് തടവില്‍ നിന്ന് മോചനം ലഭിച്ചില്ല.
ഒടുവിൽ അറ്റോര്‍ണി ജനറലിന് ലഭിച്ച കത്താണ് ഈ ദുഷ്ടത പുറം ലോകത്തെ അറിയിച്ചത്. ഇന്നും ആരാണ് ആ കത്തിന് പിന്നിൽ എന്ന് അറിയില്ല. ഒരുപക്ഷെ ആ വീട്ടിലെ ജോലിക്കാർ ആരെങ്കിലും ആകും എന്നും പറയപ്പെടുന്നു. മാഡം മോര്‍ണിയറിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്യതു. ബ്ലഞ്ചിന്‍റെ വേദനിപ്പിക്കുന്ന കഥയറിഞ്ഞ ജനങ്ങള്‍ കോപം കൊണ്ടു. അവര്‍ പ്രതിഷേധവുമായി മാഡം മോര്‍ണിയറുടെ വീടിനു മുന്നില്‍ തടിച്ചുകൂടി. അറസ്റ്റിലായി പതിനഞ്ചാം ദിനം ഹൃദായാഘാതം മൂലം മാഡം മോര്‍ണിയർ മരണപ്പെട്ടു. ആഹാരവും വെള്ളവും ചികിത്സയും കിട്ടിയെങ്കിലും ബ്ലഞ്ചിന്‍റെ അവസ്ഥ ദയനീയമായിരുന്നു. നിരവധി മാനസികാരോഗ്യപ്രശ്‍നങ്ങൾ അവളെ വേട്ടയാടി. ഒടുവിൽ അവളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് 1913 ബ്ലഞ്ച് മരണപ്പെട്ടു. ഒരു പക്ഷെ ആ അജ്ഞാത കത്ത് അറ്റോര്‍ണിയെ തേടിയെത്തിയിരുന്നില്ല എങ്കിൽ ഇരുട്ട് വിഴുങ്ങിയ ആ മുറി അവളുടെ ജീവൻ കവർന്നേനെ.
Summary: Blanche Monnier, a young French woman from a wealthy family, was held captive by her mother in a dark, chain-bound room for 25 years as punishment for falling in love with a man of lower social status. Discovered in 1901 following an anonymous letter sent to the Attorney General, she was found living in squalor, emaciated and traumatized, after decades of starvation and neglect. While her mother and brother faced legal consequences for this horrific abuse, the tragedy permanently scarred Blanche, who spent her remaining years in psychiatric care until her death in 1913, leaving behind an indelible mark on history as a symbol of parental cruelty and the fight for freedom.

