ബെംഗളൂരു: കർണാടകയിൽ മന്ത്രിസ്ഥാനം രാജിവെച്ച രാമലിംഗ റെഡ്ഡി തന്റെ തീരുമാനം പിൻവലിച്ചുവെന്ന് രൺദീപ് സിംഗ് സുർജേവാല. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചില തെറ്റിദ്ധാരണകളുടെ പുറത്താണ് രാജി പ്രഖ്യാപിച്ചതെന്നും, രാമലിംഗ റെഡ്ഡി പാർട്ടിക്ക് വലിയ മുതൽക്കൂട്ടാണെന്നും സുർജേവാല പറഞ്ഞു.(Ramalinga Reddy withdraws resignation and continues as Karnataka minister)
മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ചാണ് എട്ടുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രാമലിംഗ റെഡ്ഡി രാജിക്കൊരുങ്ങിയത്. ബെംഗളൂരു വികസന വകുപ്പ് തനിക്ക് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ, പകരം ‘വലിയ-ഇടത്തരം ജലസേചന വകുപ്പ്’ നൽകിയതാണ് അതൃപ്തിക്ക് കാരണമായത്. ബെംഗളൂരു വികസന വകുപ്പല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ താല്പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് വിഷയം വേഗത്തിൽ പരിഹരിക്കാൻ സഹായിച്ചത്. ബെംഗളൂരുവിലുണ്ടായിരുന്ന രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായും ഡി.കെ. ശിവകുമാറുമായും ചർച്ച നടത്തുകയും, പ്രശ്നം പരിഹരിക്കാൻ കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ രൺദീപ് സുർജേവാല നേരിട്ടെത്തി രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തി അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.
Story Summary
Karnataka minister Ramalinga Reddy has withdrawn his resignation following successful intervention by the Congress high command and AICC general secretary Randeep Singh Surjewala. Reddy had initially stepped down due to dissatisfaction over being allocated the Major and Medium Irrigation portfolio instead of his preferred Bengaluru Development portfolio.

